മാന്നാർ: കോടികള്‍ മുടക്കി നവീകരണം നടത്തിയ റോഡ് വെട്ടിപൊളിച്ചു. മാന്നാര്‍-വിയപുരം റോഡാണ് സ്വകാര്യ ടെലഫോണ്‍ കമ്പനിക്കാര്‍ വെട്ടിപൊളിച്ച് കേബിളുകള്‍ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. തൃക്കുരട്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് റോഡരികിലാണ് ആഴത്തില്‍ കുഴിയെടുത്തത്.

ഇതോടെ റോഡിലെ ടാര്‍ ഇളകി നാശമായി. കുഴികളില്‍ നിന്നുമെടുത്ത മണ്ണും ചെളിയും മഴയത്ത് കുതിര്‍ന്ന് ഒലിച്ചിറങ്ങി സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കയറിയതിനാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും സാധിക്കാത്ത അവസ്ഥയാണ്. കായംകുളം-തിരുവല്ല സംസ്ഥാന പാതയെയും ഹരിപ്പാട്-എടത്വ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രാജ്യാന്തര റോഡിന്റെ മാതൃകയില്‍ നിര്‍മിച്ച മാന്നാര്‍-വിയപുരം റോഡിന്റെ നിര്‍മാണത്തിന് 16.16 കോടി രൂപയാണ് ചെലവഴിച്ചത്.