റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി; മരണം
ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോട് പറഞ്ഞത്

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം.
വിനോദ് വാഹനത്തിന് മുന്നിൽ കിടക്കുകയായിരുന്നു. ഇത് റോഡ് റോളർ ഓടിച്ച ഡ്രൈവർ കണ്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോട് പറഞ്ഞത്.
മൃതദേഹം പൊലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തയ്യൽ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live