കല്‍പ്പറ്റ: വയനാട്ടിലെ പ്രധാന പാതകളിലൊന്നാണ് കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്. വീതി കുറഞ്ഞും ആകെ തകര്‍ന്നും കിടന്ന റോഡിന്റെ നവീകരണത്തിനായി 56 കോടി രൂപയാണ് കിഫ്ബി വഴി സര്‍ക്കാര്‍ അനുവദിച്ചത്. ഒന്നരവര്‍ഷത്തിനുള്ളില്‍ തീര്‍ക്കാമെന്ന വ്യവസ്ഥയിലായിരുന്നു പ്രവൃത്തി ആരംഭിച്ചതെങ്കിലും പണി ഇഴഞ്ഞുനീങ്ങുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇടുങ്ങിയ റോഡ് സ്വകാര്യ വ്യക്തികളില്‍ നിന്നടക്കം സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്ന ജോലിയും നടക്കുന്നുണ്ട്. 

അങ്ങേയറ്റത്തെ പൊടിശല്യത്തിന് പുറമെ റോഡ് പണി തുടങ്ങിയത് മുതല്‍ വെങ്ങപ്പള്ളി പഞ്ചായത്തിലെ ഒരു ഭാഗത്ത് കുടിവെള്ളവും മുട്ടിയെന്ന് പിണങ്ങോട് പ്രദേശവാസികള്‍ പറയുന്നു. 21 കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള വെങ്ങപ്പള്ളി പഞ്ചായത്തില്‍ ഭൂരിഭാഗവും പാറ നിറഞ്ഞ പ്രദേശങ്ങളാണ്. അതിനാല്‍ തന്നെ സ്വന്തമായി കുടിവെള്ള സ്രോതസ്സുകളില്ലാത്തവരാണ് അധികവും. പൈപ്പുവെള്ളം മാത്രം ആശ്രയിക്കുന്നവരാണ് ഏറെയും എന്നാല്‍ അഴുക്കുചാലിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പുതിയ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യവുമായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും കരാറുകാരന് അനുവദിച്ച സമയം അതിക്രമിച്ചിട്ടില്ലെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചതെന്നാണ് സൂചന. എന്നാല്‍ തുടര്‍ച്ചയായ പരാതിയെ തുടര്‍ന്ന് 14 ദിവസത്തിനുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന് നോട്ടീസ് മുഖാന്തിരം തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രശ്നത്തില്‍ പരിഹാരമില്ലാതായതോടെ പിണങ്ങോട് ടൗണില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചു. 

നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ ഇതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. പിന്നീട് കല്‍പ്പറ്റ പൊലീസ് സ്ഥലത്തെത്തിയാണ് അരമണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. യൂത്ത് ലീഗ് ജില്ല സെക്രട്ടറി  ജാസര്‍ പാലക്കല്‍ ഉദ്ഘാടനം  ചെയ്തു. അതേ സമയം ഡിസംബറിനകം പ്രവൃത്തി പൂര്‍ത്തികരിക്കുമെന്ന ഉറപ്പാണ് എംഎല്‍എ അടക്കമുള്ളവര്‍ നല്‍കിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നാട്ടുകാരില്‍ ഒരാള്‍ പങ്കുവെച്ചു. 

18 കിലോമീറ്റര്‍ ദൂരം വരുന്ന കല്‍പ്പറ്റ-പടിഞ്ഞാറത്തറ പാത ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ ബാണാസുര സാഗര്‍ ഡാമിലേക്കുള്ള റോഡ് കൂടിയാണ്. ഒന്നരവര്‍ഷം പിന്നിട്ടിട്ടും ഇതുവഴിയുള്ള യാത്ര സുഗമമല്ല. നിറയെ ഇറക്കങ്ങളും വളവുകളും ഉള്ള പാതയില്‍ കല്ലുകള്‍ ഇളകി കിടക്കുകയാണ്. ഇറക്കത്തില്‍ പോലും ഇത്തരത്തില്‍ മെറ്റല്‍ കൂടിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനയാത്രികരടക്കം ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. പലരും തെന്നിവീണ സംഭവങ്ങളും നാട്ടുകാര്‍ പങ്കുവെച്ചു. റോഡ് ഉടനെ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. റോഡ് ആക്ഷന്‍ കമ്മിറ്റിയും പാതയുടെ പണി പെട്ടെന്ന് തീര്‍ക്കണമെന്ന നിലപാടിലാണ്.