കലവൂർ: ആലപ്പുഴയില്‍ ബാങ്ക് കെട്ടിടം കുത്തിത്തുരന്ന് മോഷണശ്രമം. അകത്തു കടന്നെങ്കിലും മോഷ്ടാവിന് സ്ട്രോങ് റൂം പൊളിക്കാൻ കഴിയാഞ്ഞതിനാൽ പണവും മറ്റും നഷ്ടപ്പെട്ടില്ല. ദേശീയപാതയോരത്ത് കലവൂർ ജംക്ഷനിൽ കേരള ഗ്രാമീൺ ബാങ്കിന്റെ ശാഖയിലായിരുന്നു മോഷണ ശ്രമം. മാനേജരുടെ മുറിയുടെ വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്തു കടന്നത്. 

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്തി തുരക്കുന്നതിനിടയിൽ കേബിൾ മുറിഞ്ഞ് സിസിടിവി ഓഫായി. ഇതിൽ രാത്രി 11.20 വരെയുള്ള ദൃശ്യങ്ങളേയുള്ളൂ. അകത്തു കടന്ന മോഷ്ടാവ് മേശയിലും കാഷ് കൗണ്ടറുകളിലുമെല്ലാം പണം പരതിയതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. സിസിടിവിയുടെ ക്യാമറ തിരിച്ച് മുകളിലേക്ക് വച്ച നിലയിലുമായിരുന്നു. 

എന്നാൽ ഇവിടെ നിന്നെല്ലാം പൊലീസിന് വിരലടയാളം ലഭിച്ചിട്ടുണ്ട്. പൊലീസ് നായയും ഫൊറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. ബാങ്കിന്റെ വടക്ക് ഭാഗത്ത് മതിലിനും കെട്ടിടത്തിനും മധ്യേ ഒരാൾക്ക് മാത്രം നടന്നുപോകാവുന്ന വീതിയുള്ള ഭാഗത്ത് കൂടി കടന്നാണ് മോഷ്ടാവ് ഭിത്തി തുരന്നത്. ഇവിടത്തെ ഇഷ്ടിക ഇളക്കി മാറ്റിയിരുന്നു. 

പൊലീസ് നായ ഇവിടെ നിന്ന് കലവൂർ പാലത്തിന് സമീപത്തേക്ക് ഓടിയതിനാൽ മോഷ്ടാവ് ഇതുവഴിയാവാം രക്ഷപ്പെട്ടിരിക്കുക എന്ന് സിഐ രവി സന്തോഷ് പറഞ്ഞു. പണമോ സ്വർണമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് മാനേജർ വിനീത് മോഹൻ പറഞ്ഞു. കാഷ് കൗണ്ടറിൽ മോഷ്ടാക്കൾ കയറിയെങ്കിലും ഇവിടെ പണം സൂക്ഷിക്കാത്തതിനാൽ നഷ്ടപെട്ടില്ല.