വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ ലോക്ക് തല്ലിത്തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് സൂചന. 

ചെങ്ങന്നൂർ: വൃദ്ധദമ്പതികൾ താമസിച്ചിരുന്ന വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവർന്നു. പുത്തൻകാവ് പിരളശേരി കുന്നേൽ വീട്ടിൽ തോമസ് വർഗീസിന്റെ (82) വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. തോമസ് വർഗീസും ഭാര്യ റേയ്ച്ചൽ, ഡ്രൈവർ ശ്രീകുമാർ, വീട്ടുജോലിക്കാരി എന്നിവർ ശനിയാഴ്ച രാത്രി തോമസിന്റെ പുത്തൻകാവിലുള്ള കുടുംബവീട്ടിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച രാവിലെ ഡ്രൈവറും ജോലിക്കാരിയും തിരികെ കുന്നേൽ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ ലോക്ക് തല്ലിത്തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നാണ് സൂചന. മോഷ്ടാക്കൾ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന പിക്കാസും, കമ്പിപ്പാരയും വെട്ടുകത്തിയും മറ്റും ഉപയോഗിച്ച ലക്ഷണങ്ങൾ ഉണ്ട്. 

മറ്റ് മുറിയുടെയും ലോക്കുകൾ തല്ലിത്തകർത്തു. പ്രധാന മുറിയുടെ അലമാരയിൽനിന്ന് 50, 000 രൂപയും റേയ്ച്ചലിന്റെ കമ്മലും മോഷണം പോയി. ജോലിക്കാരി റേയ്ച്ചലിന്റെ മുറിയിലെ ഡപ്പിയിൽ ഇട്ടുവച്ചിരുന്ന 5000 രൂപയും നഷ്ടപ്പെട്ടു. മുകളിലത്തെ നിലയിലെ മുറികളും മോഷ്ടാക്കൾ കുത്തിപ്പൊളിച്ചു. അലമാരിയിൽ സൂക്ഷിച്ചിരുന്ന വിലയേറിയ വിദേശമദ്യവും കവർന്നു. ആലപ്പുഴയിൽനിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി.