ക്ഷേത്ര പൂജാരി രാവിലെ പൂജക്കായി എത്തുമ്പോഴാണ് വഞ്ചികൾ കുത്തി പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് ക്ഷേത്രത്തിൽ വീണ്ടും കാണിക്ക വഞ്ചി കുത്തി തുറന്ന് വീണ്ടും കവർച്ച. തിരുവനന്തപുരം വർക്കല പനയറ തൃപ്പൂരട്ടക്കാവ് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ ഓട് ഇളക്കി നാലമ്പലത്തിനുള്ളിൽ കടന്ന മോഷ്ടാവ് കാണിക്ക വഞ്ചികൾ തകർത്ത് പണം കവരുകയായിരുന്നു.
ക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് വഞ്ചികളും കുത്തി തുറന്ന് കവർച്ച നടത്തിയിട്ടുണ്ട്. കൂടാതെ ചുറ്റമ്പലത്തിന് പുറത്ത് നാഗരുടെ മുന്നിലുള്ള വഞ്ചിയും കുത്തി തുറന്ന് മോഷ്ടാവ് കവർച്ച നടത്തി. ക്ഷേത്ര പൂജാരി രാവിലെ പൂജക്കായി എത്തുമ്പോഴാണ് വഞ്ചികൾ കുത്തി പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ അയിരൂർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തെക്കുറിച്ചുള്ള ചിത്രം വ്യക്തമാകുന്നത്. നീളമുള്ള കമ്പി ചൂൽ ഉപയോഗിച്ച് ഓട് ഇളക്കി അകത്ത് കയറിയ കള്ളൻ കൊടുവാൾ ഉപയോഗിച്ചാണ് വഞ്ചികൾ കുത്തി പൊളിച്ചതെന്നും പൊലീസ് പറഞ്ഞു. 15,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് രാത്രിയിലും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കമ്പി പാരയും തൂമ്പയും വടിവാളുമായി ഉള്ളിൽ പ്രവേശിച്ചു കവർച്ച നടത്തിയ മോഷ്ടാവ് കൊല്ലം തങ്കശ്ശേരി ഇത്താക്കിൽ നഗർ വീട്ടിൽ ജോയ് (49) ഇപ്പോൾ ജയിലാണ്.
Read More : 'മിസൈലല്ല, ബസാണ്'; മലപ്പുറത്ത് സ്വകാര്യ ബസിന്‍റെ മത്സരയോട്ടം, എല്ലാം ക്യാമറ കണ്ടു, ഡ്രൈവർക്ക് എട്ടിന്‍റെ പണി
