ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റില്‍
പ്രതി അഞ്ഞൂര്‍ സെന്ററിലെ വേളു വീട്ടില്‍ സജീവന്റെ വീട്ടുമുറ്റത്ത് വച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിക്കുകയും സമീപമുണ്ടായിരുന്ന കുടുംബക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് പണം കവരുകയും ചെയ്തിരുന്നു
തൃശൂര്‍: വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂര്‍ മുത്തപ്പന്‍ കുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വെളിയംകോട് സ്വദേശി പുതുവീട്ടില്‍ ബാദുഷ (43) യെയാണ് ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം വടക്കേക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിലാണ് സംഭവം. പ്രതി അഞ്ഞൂര്‍ സെന്ററിലെ വേളു വീട്ടില്‍ സജീവന്റെ വീട്ടുമുറ്റത്ത് വച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിക്കുകയും സമീപമുണ്ടായിരുന്ന കുടുംബക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് പണം കവരുകയും ചെയ്തിരുന്നു. ഒമ്പതാം തീയതി രാത്രി എട്ടിനും പത്താം തീയതി രാവിലെ ആറരയ്ക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്.
കോടത്തൂര്‍ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച നാല് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഭണ്ഡാരത്തില്‍ നിന്ന് 5000 ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത വടക്കേക്കാട് പൊലീസ് മേഖലയിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു സി. മാത്യു, ഗോപിനാഥന്‍, സി.പി.ഒമാരായ സതീഷ് ചന്ദ്രന്‍, സാജന്‍, അര്‍ജുന്‍, സജു, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം