നാലുമാസം മുമ്പ് പുനർജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന വലിയ പ്രശ്നങ്ങൾക്കാണ് അതോടെ അന്ന് പരിഹാരമായത്. എന്നാല്‍, ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ റോഷന്‍ ആകെ പ്രയാസത്തിലായിരുന്നു
തിരുവനന്തപുരം: ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥിക്ക് സഹായവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണ സഹായി മേയര്‍ ആര്യ രാജേന്ദ്രന്‍ കൈമാറി. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയത്. നിരവധി പേരാണ് റോഷനെ സഹായിക്കാൻ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുവെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അച്ഛനൊപ്പം സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുമ്പോഴാണ് റോഷന് ശ്രവണ സഹായി നഷ്ടപ്പെട്ടത്. സ്കൂൾ ബാഗിലായിരുന്നു ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ഉണ്ടായിരുന്നത്. പഠനത്തിലും കലയിലും മിടുക്കനായ റോഷൻ ശ്രവണ സഹായി നഷ്ടമായതോടെ സ്കൂളിൽ പോലും പോകാതെ വീട്ടിലിരിക്കുന്ന അവസ്ഥയായിരുന്നു.
നാലുമാസം മുമ്പ് പുനർജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന വലിയ പ്രശ്നങ്ങൾക്കാണ് അതോടെ അന്ന് പരിഹാരമായത്. എന്നാല്‍, ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ റോഷന്‍ ആകെ പ്രയാസത്തിലായിരുന്നു. ജഗതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് റോഷൻ. പഠനത്തിൽ മാത്രമല്ല നൃത്തത്തിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ച റോഷന്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്.
രാജാജി നഗറിലുള്ള വാടക വീടിന്‍റെ ചുമരിലേക്ക് നോക്കിയാല്‍ മാത്രം മതിയാകും റോഷന്‍റെ മിടുക്കറിയാന്‍. ശ്രവണ സഹായി അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അച്ഛൻ ലെനിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നാടൊന്നാകെ വിഷയത്തില്‍ ഇടപ്പെട്ടത്. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയതോടെ കോര്‍പ്പറേഷന്‍ ഇടപെടുകയും കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെ ശ്രവണ സഹായി വാങ്ങി നല്‍കുകയുമായിരുന്നു.

