കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം പുറമെ ഉള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരിശോധന വിവരം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നത്
കല്‍പ്പറ്റ: മാനന്തവാടി നഗരസഭ പരിധിയില്‍ എരുമതെരുവില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മാട്ടിറച്ചി പിടികൂടിയെന്ന വിവരം പുറത്തറിഞ്ഞത് ഒരു ദിവസത്തിന് ശേഷം. മാരുതി തീയേറ്ററിന് സമീപത്തെ സെഫീര്‍, മൊയ്തുട്ടി എന്നിവരുടെ സ്റ്റാളുകളില്‍ നിന്നും എരുമത്തെരുവിലെ താല്‍ക്കാലിക മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തെ ജാഫര്‍ എന്നയാളുടെ സ്റ്റാളില്‍ നിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ മാട്ടിറച്ചി പിടിച്ചെടുത്തത്.
ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു പരിശോധന. എങ്കിലും ഈ വിവരം അധികൃതര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ഇന്നലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്. കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇക്കാര്യം പുറമെ ഉള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരിശോധന വിവരം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നത്. തുടര്‍ന്ന് വ്യാഴാഴ്ചയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായത്.
ഹോട്ടലുകളില്‍ നിന്നും മറ്റും ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്താല്‍ വാര്‍ത്തയാകാറുണ്ട്. അത്തരം വിവരങ്ങള്‍ ഉടനടി മാധ്യമങ്ങള്‍ക്ക് കൈമാറുന്ന അധികൃതര്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് എന്തിനാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. മൂന്നുകടകളില്‍ നിന്നുമായി പിടികൂടിയ 55 കിലോ ഇറച്ചി ചൂട്ടക്കടവ് പ്രദേശത്ത് കൊണ്ടുപോയി കുഴിച്ചിട്ടു.
അതേസമയം, മാനന്തവാടിയിലെ മത്സ്യമാര്‍ക്കറ്റില്‍നിന്ന് പുഴുവരിച്ച മത്സ്യം കിട്ടിയ വിവരം ആരോഗ്യവിഭാഗം അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് നഗരസഭ അധികൃതരുടെ നിലപാട്. മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇവിടെ നിന്നുള്ളതാണോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍, പഴകിയ മാംസം പിടിച്ചെടുത്ത സംഭവം മൂടിവെച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ അറിയിച്ചു. നഗരസഭ പരിധിയില്‍ വരുന്ന സ്വാഭാവിക വനം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നതിനാല്‍ പത്രക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കാനായില്ലെന്നും നഗരസഭ അധ്യക്ഷന്‍ വി ആര്‍ പ്രവീജ് പറഞ്ഞു.
