നിമിഷങ്ങള്‍ കൊണ്ട് കടലെടുത്തത് നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ജില്ലയുടെ തീരപ്രദേശത്ത് കടല്‍ കലിതുള്ളിയത്.   

ആലപ്പുഴ: കടൽക്ഷോഭം രൂക്ഷമായതോടെ ആലപ്പുഴയുടെ തീരപ്രദേശം യുദ്ധക്കളത്തിനു സമാനമായി. എങ്ങോട്ടു പോകണമെന്നറിയാതെ അമ്പരന്നു നിൽക്കുകയാണ് തീരദേശ വാസികള്‍. നിമിഷങ്ങള്‍ കൊണ്ട് കടലെടുത്തത് നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ജില്ലയുടെ തീരപ്രദേശത്ത് കടല്‍ കലിതുള്ളിയത്. 

വൈകിട്ടോടെ ശക്തി പ്രാപിച്ച കടല്‍ സംഹാര താണ്ഡവമാടുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് സര്‍വതും നശിപ്പിച്ച് കടല്‍ തീരത്തേക്ക് ആഞ്ഞടിച്ചത്. മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ പുരുഷായുസു കൊണ്ട് കെട്ടിപ്പൊക്കിയ ലക്ഷങ്ങള്‍ ചെലവു വരുന്ന വീടുകളാണ് തകര്‍ന്നടിഞ്ഞത്. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെ സഹായം നല്‍കി നിര്‍മിച്ച വീടുകളാണ് തിരയെടുത്തത്. 

വീടുകളൊക്കെ തകര്‍ന്ന് ഇപ്പോള്‍ ഇഷ്ടികക്കൂമ്പാരമായി മാറിയിരിക്കുകയാണ് തീരദേശം.ഇന്നലെ വരെ അന്തിയുറങ്ങിയിരുന്ന കിടപ്പാടം കടലെടുക്കുന്നത് കണ്ട് നിസ്സഹായരായി നോക്കി നില്‍ക്കാനേ ഇവര്‍ക്ക് കഴിയുന്നുള്ളു.സ്വന്തം മക്കളുമായി ഇനി എവിടെ അന്തിയുറങ്ങുമെന്ന ആശങ്കയിലാണ് ഇവര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുകള്‍ കടലെടുത്തവര്‍ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ത്തന്നെ കഴിയുകയാണ്.ഇവരുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല.ഇതിനിടയിലാണ് വീണ്ടും ഒരു കടല്‍ ദുരന്തം ഉണ്ടായിരിക്കുന്നത്.

വീടുകള്‍ നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ പെണ്‍മക്കള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ പലരും തയ്യാറായിട്ടില്ല. വാടക വീടുകളിലേക്ക് വലിയ ഡെപ്പോസിറ്റും വാടകയും നല്‍കി മാറാന്‍ ഈ നിര്‍ധന കുടുംബങ്ങള്‍ക്ക് സാമ്പത്തിക ശേഷിയുമില്ല. ആഞ്ഞടിക്കുന്ന തിരമാലയെ ചെറുക്കാന്‍ കൊച്ചു കുട്ടികള്‍ വരെ ഇവിടെ മണല്‍ച്ചാക്കുകള്‍ നിരത്തുകയാണ്. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കടലാക്രമണം ചെറുക്കാന്‍ ഒരു കല്ലു പോലും നിരത്താന്‍ കഴിയാത്തത് തീരദേശത്ത് ദുരിതത്തിന്റെയും ദുരന്തത്തിന്റെയും ആഘാതം വര്‍ധിപ്പിച്ചിരിക്കുകയാണ്.കടല്‍ ഇനിയും കലിതുള്ളിയില്‍ പൊലിയുന്നത് നിരവധി കുടുംബങ്ങളുടെ ജീവിതമാണ്.ഇതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്.

പതിവുപോലെ കടലാക്രമണം ഉണ്ടാകുമ്പോള്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി പ്രഖാപനങ്ങളും വാഗ്ദാനങ്ങളും നല്‍കുന്നതല്ലാതെ തീരദേശത്തെ ദുരിതത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. കടലിനോടു മല്ലിട്ട് സ്വന്തമാക്കിയതെല്ലാം കടല്‍തന്നെ കവരുന്ന കാഴ്ചയാണ് ഇപ്പോള്‍. ഈ ദുരിതത്തിന് എന്ന് പരിഹാരമാകുമെന്ന ആശങ്കയിലാണ് തീരവാസികള്‍.