ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന കാർ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് കത്തി നശിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചിന്‌ ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് പടിഞ്ഞാറ് വശം പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു സംഭവം.

ശൂരനാട് നടുവിലേമുറി മൻസൂർ മൻസിൽ മൻസൂറും കുടുംബവും സഞ്ചരിച്ചിരുന്ന സ്കോർപിയോ കാറാണ് പൂർണ്ണമായും കത്തിയമർന്നത്. ഓണാവധിക്ക് കുടുംബത്തോടപ്പം പാലക്കാടുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന മൻസൂർ കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് പെട്ടന്ന് വണ്ടി നിറുത്തി എല്ലാവരെയും പുറത്തിറക്കിയത് കൊണ്ട് ദുരന്തം ഒഴിവായി.

പെട്രോൾ പമ്പിന്  മുൻവശത്ത് നടന്ന അപകടം നാട്ടുകാരെയും  വഴിയാത്രക്കാരെയും പരിഭ്രാന്തരായി. തുടർന്ന് ഹരിപ്പാട് നിന്നും കായംകുളത്ത് നിന്ന് അഗ്നിശമന വിഭാഗം എത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.