Asianet News MalayalamAsianet News Malayalam

ഇത്തവണ വേണ്ടത് ആയിരം വിശുദ്ധി സേനാംഗങ്ങളെ; വേതനം 450ല്‍ നിന്ന് ഉയർത്തും, യാത്രാപടി നൽകും; ശബരിമല ഒരുക്കങ്ങൾ

സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുക.

sabarimala pilgrimage  preparations thousand sanctity workers needed salary hike btb
Author
First Published Sep 30, 2023, 5:06 PM IST

പത്തനംത്തിട്ട: ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുക.

ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വേതനം പരിഷ്‌കരിക്കുന്നതിനു ശുപാര്‍ശ നല്‍കും. യാത്രാ പടി ഇനത്തില്‍ 1000 രൂപ ഇവര്‍ക്ക് നല്‍കും. വിശുദ്ധ സേനാംഗങ്ങളുടെ പ്രവര്‍ത്തനവും ക്ഷേമവും വിലയിരുത്തുന്നതിനായി വെല്‍ഫെയര്‍ ഓഫീസറെ നിയമിക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്കുള്ള  ബാര്‍ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ അവശ്യസാധനങ്ങള്‍  സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു നേരിട്ടു വാങ്ങും.

യൂണിഫോം, ട്രാക്ക് സ്യൂട്ട്, തോര്‍ത്ത്, പുതപ്പ്, പുല്‍പ്പായ, സാനിറ്റേഷന്‍ ഉപകരണങ്ങള്‍, യൂണിഫോമില്‍ മുദ്ര പതിപ്പിക്കല്‍ എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിക്കും. വിശുദ്ധി സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിന് 14 ട്രാക്ട്രര്‍ ടെയിലറുകള്‍ വാടകയ്ക്ക് എടുക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ മൂന്ന് വീതവും നിലയ്ക്കലില്‍ എട്ട്  ട്രാക്ടറുമാണ് വിന്യസിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 2022-23 വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ യോഗം അംഗീകരിച്ചു. കഴിഞ്ഞ ശബരിമല തീര്‍ഥാടനകാലത്തെ വിശുദ്ധി സേനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്നും യോഗം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി വി.അജിത്ത്, എ.ഡി.എം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസ്‌റുദീന്‍, വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ആര്‍.സദാശിവന്‍ നായര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടം, അടുത്താഴ്ച തന്നെ എല്ലാം സജ്ജമാകും; കൊച്ചിയിൽ ഒരുങ്ങുന്നത് വലിയ സംവിധാനങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios