തിരുവനന്തപുരം: തീവ്രമായ പ്രണയം കൊണ്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തില്‍ ഒന്നായ സച്ചിും ഭവ്യയും മലയാളികള്‍ക്ക് പരിചിതരാണ്. ഭവ്യയോടൊപ്പമുള്ള ആശുപത്രി യാത്രകള്‍ക്കായി വാങ്ങിയ ബുള്ളറ്റ് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാണ് സച്ചിന്‍ പിന്നീട് വാര്‍ത്തകളില്‍ ഇടം നേടിയത്. ആത്മാര്‍ത്ഥമായ പ്രണയം മാത്രമല്ല മനുഷ്യത്വവും സഹജീവി സ്നേഹവും ഓര്‍മ്മപ്പെടുത്തിയ സച്ചിനും ഭവ്യക്കുമായി ഇരുവരുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ പുതിയ കാര്‍ വാങ്ങി നല്‍കിയിരിക്കുകയാണ് ചില സുഹൃത്തുക്കള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സച്ചിന്‍ ഇക്കാര്യം അറിയിച്ചത്. ഭവ്യയുടെ ചികിത്സക്കുവേണ്ടിയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇവര്‍ക്ക് വാഹനം സമ്മാനിച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഇന്നലെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിനമായിരുന്നു.. കഴിഞ്ഞകൊല്ലം ഇതേ ദിവസമാണ് ഞാൻ ഭവ്യയെ എന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്.. ഞങ്ങളെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾ സംഭവിച്ച ദിവസമായിരുന്നു അന്ന്.. ഇവളെ എന്റെ ജീവിത സഖിയാക്കിയപ്പോൾ കുറച്ചുപേർ പലപല കാരണങ്ങൾ പറഞ്ഞു തെറ്റാൻ തുടങ്ങി.. ഒരു പരിചയവും ഇല്ലാത്ത ഒരുപാട് ആളുകൾ സ്നേഹത്തോടെ ഞങ്ങളുടെ അടുത്തേക്ക് കടന്നുവന്നു... കഴിഞ്ഞ ഒരുവർഷക്കാലം ഞങ്ങളെ ജീവിതത്തിൽ നല്ല പരീക്ഷണം ആയിരുന്നു.. ഒരു നൂറു വർഷം അനുഭവിക്കാനുള്ളത് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവിക്കേണ്ടിവന്നു.., എന്നിരുന്നാലും ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.. അവസരത്തിന് അനുസരിച്ചു പലരും പെരുമാറി.. എന്നാലും ഞങ്ങളെ സ്വന്തം മക്കളായി കണ്ടുകൊണ്ട് ഒരുപാട് നല്ല മനസുകൾ ഞങ്ങളെ നെഞ്ചിലേറ്റി.. ഞങ്ങളെ പ്രശ്നങ്ങളും പരിഭവങ്ങളും മനസിലാക്കി ഞങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് കൂടെ നിന്നു.. അവരുടെയൊക്കെ സഹായത്തിലും പ്രാർത്ഥനയിലും ആണ് ഇന്ന് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത്.. അതിന്റെ നന്ദിയും കടപ്പാടും എന്നും എല്ലാവരോടും ഉണ്ടാവും...
കഴിഞ്ഞ കുറച്ചു ദിവങ്ങൾ ആയി കുറച്ചു പ്രശ്‌നത്തിൽ ആയിരുന്നു ഭവ്യക്ക് ഓട്ടോയിൽ യാത്ര ചെയ്തിട്ട് പഴയ വേദനകളും അശ്വസ്തതകളും തിരിച്ചു വന്നു.. അവളെ കോളേജിൽ കൊണ്ടുവിടാൻ കൂട്ടുകാരൻ റെന്റിന് കൊടുക്കുന്ന വണ്ടിയിലും, കൂട്ടുകാരന്റെ വണ്ടിയിലും ആയിരുന്നു കോളജിൽ കൊണ്ടു വിട്ടതും,കൊണ്ടുവന്നതും .. ഞങ്ങളെ ബുദ്ധിമുട്ട് മനസിലാക്കി കോടാലിപോയിൽ ഉള്ള വഹാബ് ഇക്കയും കൂട്ടുകാരും,.. ഞങ്ങൾക്ക് ഒരു കാർ വാങ്ങി തരാം എന്നു പറഞ്ഞു .. വെറും കോളേജിൽ കൊണ്ടുപോയി കൊണ്ടുവരാൻ വേണ്ടിയുള്ള വണ്ടിയല്ല ഹോസ്പിറ്റലിൽ പോവാനും, ഇനി ഒരു യാത്ര പോവാനും വേണ്ടിയുള്ള ഒരു വണ്ടിയാവും എന്നു പറഞ്ഞിരുന്നു ബട്ട് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വണ്ടിയാണ് ഞങ്ങൾക്ക് കിട്ടിയതു.. ഈ വണ്ടി ഞങ്ങൾക്ക് വേണ്ടിയാണ് എന്നറിഞ്ഞപ്പോൾ വണ്ടിയുടെ ലാഭവും,അതിൽനിന്നും അദ്ദേഹത്തിന് കഴിയുന്ന പണവും കുറച്ചു സഹായിച്ച കുഞ്ഞാപ്പു ആലുങ്കൽ ഇക്കയോടും എന്നും കടപെട്ടിരിക്കും..
ഇനി ഞങ്ങളുടെ യാത്രയിൽ ഇവനും കൂടെയുണ്ടാകും...