ആളുകള്‍ ഇറങ്ങി കുറ്റികള്‍ നാട്ടി വലകള്‍ ഇട്ടും വലവീശിയും ചുണ്ടയിട്ടും മറ്റുമാണ് മീനുകളെ പിടിക്കുന്നത്.  പിടിക്കുന്നയിടത്ത് തന്നെ ആവശ്യക്കാരെത്തി മീന്‍ വാങ്ങി പോകുന്നുണ്ട്

മാന്നാര്‍: പുഴമീനുകള്‍ക്ക് ആവശ്യക്കാരേറുന്നതോടെ വിലയിലും വന്‍ കുതിച്ചുക്കയറ്റം. പമ്പ, അച്ചന്‍കോവില്‍, കുട്ടംപേരൂര്‍ ആറുകളിലെയും കൈവഴിത്തോടുകളിലെയും ജലനിരപ്പ് താഴ്ന്നതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ മീന്‍പിടിത്തം മുൻപത്തേക്കാൾ ഉഷാറായിരിക്കുകയാണ്.

പ്രളയത്തെ തുടര്‍ന്നു നിലയില്ലാക്കയമായി കിടന്ന ആറുകളിലെ ജലനിരപ്പ് മഴ മാറിനിന്നതോടെ താഴ്ന്നു. മിക്കയിടത്തും മൂന്നാള്‍ താഴ്ചവരെയാണ് ഇപ്പോള്‍ വെള്ളം. ആളുകള്‍ ഇറങ്ങി കുറ്റികള്‍ നാട്ടി വലകള്‍ ഇട്ടും വലവീശിയും ചുണ്ടയിട്ടും മറ്റുമാണ് മീനുകളെ പിടിക്കുന്നത്.

പിടിക്കുന്നയിടത്ത് തന്നെ ആവശ്യക്കാരെത്തി മീന്‍ വാങ്ങി പോകുന്നുണ്ട്. അധികം വരുന്ന മീനുകള്‍ പാതയോരങ്ങളില്‍ എത്തിച്ച് കച്ചവടം നടത്തും. പ്രളയത്തെ തുടര്‍ന്ന് അണക്കെട്ടുകളില്‍ നിന്നെത്തിയ മീനുകളും ആറുകളിലെത്തിയതായി മീന്‍പിടുത്തക്കാര്‍ പറഞ്ഞു. അതുകൊണ്ട് മുന്‍വര്‍ഷങ്ങളിലേക്കാള്‍ മീനുകളും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.