കടലാക്രമണത്തിൽ റോഡിൽ വീണ മണൽ നീക്കം ചെയ്തില്ല; യാത്രക്കാർ ദുരിതത്തില്‍
കഴിഞ്ഞ ആഴ്ചയുണ്ടായ കടലാക്രമത്തിലാണ് വലിയഴിക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിൽ പെരുമ്പളളി, തറയിൽക്കടവ്, വലിയഴീക്കൽ ഭാഗങ്ങൾ മണ്ണിനടിയിലായത്.

ഹരിപ്പാട്: ശക്തമായ കടലാക്രമണത്തിൽ റോഡിൽ വീണ മണൽ നീക്കം ചെയ്യാത്തത് മൂലം യാത്രക്കാർ ദുരിതത്തിലായി. ഒരാഴ്ചയായി തുടരുന്ന ഗതാഗത പ്രശ്നത്തിന് നടപടി വൈകുന്നത് നൂറുകണക്കിന് യാത്രക്കാരെയാണ് വിഷമത്തിൽ ആക്കുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ കടലാക്രമത്തിലാണ് വലിയഴിക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിൽ പെരുമ്പളളി, തറയിൽക്കടവ്, വലിയഴീക്കൽ ഭാഗങ്ങൾ മണ്ണിനടിയിലായത്.
വെളളിയാഴ്ച ഇത് നീക്കം ചെയ്യാൻ മണൽമാന്തി യന്ത്രവുമായി ജോലിക്കാരെത്തിയിരുന്നു. എന്നാൽ തീരം സംരക്ഷിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നാട്ടുകാർ എതിർത്തതോടെ പെരുമ്പളളി, വലിയഴീക്കൽ ഭാഗത്തെ മണൽ നീക്കാനായിരുന്നില്ല. തറയിൽക്കടവിന് തെക്കു ഭാഗത്തെ മണൽ മാത്രമാണ് മാറ്റാനായത്. കടൽഭിത്തിക്ക് പരിഹാരമാകാതെ മണൽ നീക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. പെരുമ്പള്ളി ഭാഗത്താണ് റോഡിലെ മണൽ കടുത്ത ദുരിതം തീർക്കുന്നത്.
150 മീറ്ററോളം രണ്ട് അടിയോളം പൊക്കത്തിലാണ് മണൽ കയറി കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സാഹസികമായി വണ്ടിയോടിച്ചു വേണം റോഡ് കടക്കാൻ. ഇതിനിടയിൽ മണലിൽ വണ്ടി താഴ്ന്നു പോയാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നു. പ്രശ്നം അറിയാതെ ഇതുവഴിയെത്തിയ നിരവധി പേരാണ് പേരാണ് ബുദ്ധിമുട്ടിലായത്. വാഹനം ഓടിച്ചെത്തുന്ന സ്ത്രീകളാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. കടലാക്രമണ ദുരന്തത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പെരുമ്പളളിയിലെ ചില താമസക്കാർ കളക്ടേറ്റിലെത്തിയും പരാതി അറിയിച്ചിരുന്നു. പെരുമ്പളളിയിലെ പുലിമുട്ടു നിർമാണത്തിനുളള നിർദേശം കെ ഐ ഐ ഡി സി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. വലിയഴീക്കലിൽ സ്ഥിരം പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടു പോകുകയാണ്.