മോഷണം പതിവായതിനെ തുടർന്നാണ് സിസിടിവി സ്ഥാപിച്ചത്. എന്നിട്ടും ഒരു തുമ്പും കിട്ടിയില്ല
കൊല്ലം: ചടയമംഗലം കുരിയോട് പള്ളിമുക്ക് ജുമാ മസ്ജിദിന്‍റെ കാണിക്ക വഞ്ചി തകർത്ത് മോഷണം. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയ്ക്കും രണ്ടേകാലിനുമിടയിലായിരുന്നു മോഷണം.
വടം ഉപയോഗിച്ച് കാണിക്ക വഞ്ചിയുടെ ഇരുമ്പ് പൂട്ട് വലിച്ച് തുറന്ന് പണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു. ഷർട്ട് ധരിക്കാതെ കയ്യിൽ ചെരുപ്പും കയറും ചാക്കുമായി മോഷ്ടാവ് പള്ളി വളപ്പിലൂടെ പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
പളളിയുടെ ചുറ്റുപാടുകളെ കുറിച്ച് ധാരണയുള്ളയാളാണ് മോഷ്ടാവ് എന്നാണ് സൂചന. സമീപപ്രദേശങ്ങളിലെ സിസിടിവികളിൽ മുഖം കൈകൊണ്ട് മറച്ച നിലയിലാണ് മോഷ്ടാവ് നടന്നു പോകുന്നത്. കൃത്യമായ ആസൂത്രണം മോഷണത്തിന് പിന്നിലുണ്ടെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.
മൂമ്പും സമാനമായ രീതിയിൽ ഇതേ പള്ളിയിൽ കാണിക്ക വഞ്ചി തകർത്ത് മോഷണമുണ്ടായിട്ടുണ്ട്. പൊലീസിന് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണം പതിവായതിനെ തുടർന്നാണ് സിസിടിവി സ്ഥാപിച്ചത്. പളളി ഭാരവാഹികൾ ചടയമംഗലം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

