ആലപ്പുഴ: മാവേലിക്കര എഫ് സി ഐ ഗോഡൗണിന് സമീപത്തുനിന്ന് കൊമ്പശേരില്‍ മുക്കിലേക്കുള്ള റോഡില്‍ കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതായി പരാതി. റയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള റയില്‍വേ ഗൈറ്റ് അടച്ചതോടെ ഉമ്പര്‍നാട്, ഗവണ്‍മെന്റ് ഐടിഐ, അഞ്ചാഞ്ഞലിമൂട് എന്നീ ഭാഗങ്ങളിലുള്ളവര്‍ മാവേലിക്കര, കല്ലുമല എന്നിവിടങ്ങളിലേക്ക് എത്താനായി ഉപയോഗിക്കുന്ന റോഡിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്. ഇതോടെ തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ് റോഡ്. 

അസഹ്യമായി ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് യാത്രികര്‍ പരിശോധന നടത്തിയപ്പോഴാണ് കക്കൂസ് മാലിന്യം റോഡിന് സമീപത്ത് തള്ളിയിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. രാത്രികാലങ്ങളില്‍ ദിവസേന എട്ടിലധികം ലോഡ് കക്കൂസ് മാലിന്യമാണ് ഇവിടെകൊണ്ട് തള്ളുന്നതെന്ന് പ്രദേശവാസികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

റോഡിന്‍റെ കിഴക്കുഭാഗം എഫ്.സി.ഐയുടെ ഗോഡൗണും പടിഞ്ഞാറ് ഭാഗം റയില്‍വേ സ്റ്റേഷനുമായതിനാല്‍ രാത്രിയിലും പുലര്‍ച്ചെ എത്തുന്നതിന് മുന്‍പുള്ള സമയത്തും മാലിന്യങ്ങള്‍ ഇവിടെകൊണ്ടു തള്ളുന്നത് ആരുടേയും ശ്രദ്ധയില്‍ പെടുന്നില്ലെന്നും പരിസരവാസികള്‍ പറയുന്നു. സംഭവം മുന്‍സിപ്പാലിറ്റിയുടേയും ജനപ്രതിനിധികളുടേയും ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.