കാസർകോട്ടെ ടൂറിസം കേന്ദ്രങ്ങളിലെ ശുചീകരണ തൊഴിലാളികൾക്ക് അഞ്ച് മാസമായി മുടങ്ങിയ വേതനത്തിൽ രണ്ട് മാസത്തെ തുക ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അടിയന്തര നടപടി. കുടിശ്ശിക തുക ഓണത്തിന് മുൻപ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

കാസർകോട്: കാസർകോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ശുചീകരണ തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി രണ്ടു മാസത്തെ വേതനം ലഭിച്ചു. അഞ്ചുമാസമായി വേതനം മുടങ്ങിയതോടെ തൊഴിലാളികളുടെ ദുരിതം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടയുടെ പരിസരപ്രദേശങ്ങൾ, പള്ളിക്കര ബീച്ച്, ചന്ദ്രഗിരി കോട്ട, കണ്വതീർത്ഥ ബീച്ച്, കൈറ്റ് ബീച്ച് തുടങ്ങിയ ഇടങ്ങളിൽ ശുചീകരണം നടത്തുന്നവർക്ക് അഞ്ചു മാസത്തെ വേതനമാണ് മുടങ്ങിയിരുന്നത്. ഇത് സംബന്ധിച്ച് വാർത്ത വന്നതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അടിയന്തരമായി രണ്ട് മാസത്തെ വേതനം ഇവർക്ക് അനുവദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടിശിക തുക ഓണത്തിന് മുൻപ് ലഭിക്കുമെന്നാണ് പ്രതീക്ഷ. 2016 ലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കാസർകോട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ കുടുംബശ്രീകളിൽ നിന്ന് ശുചീകരണ തൊഴിലാളികളെ നിയമിച്ചത്. 13,500 രൂപ മാത്രമാണ് പ്രതിമാസ വേതനം. അഞ്ചുമാസമായി ഇതും കുടിശിക വന്നതോടെ ഇവരുടെ ജീവിതം വലിയ പ്രതിസന്ധിയിലായിരുന്നു. രണ്ടുമാസത്തെ വേതനം എങ്കിലും കിട്ടിയ ആശ്വാസത്തിലാണ് തൊഴിലാളികൾ.