പ്രളയം കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ ഏറെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ക്കാണ്.  കഴിഞ്ഞ മൂന്നാം തിയതിയാണ് സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ നല്ല കെട്ടിടമില്ലെങ്കില്‍ ക്ലാസില്‍ കയറിലെന്ന് പറഞ്ഞ് സര്‍വ്വകലാശാലയിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. 

കാലടി: പ്രളയം കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ ഏറെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ക്കാണ്. കഴിഞ്ഞ് മൂന്നാം തിയതിയാണ് സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ നല്ല കെട്ടിടമില്ലെങ്കില്‍ ക്ലാസില്‍ കയറിലെന്ന് പറഞ്ഞ് സര്‍വ്വകലാശാലയിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് ക്ലാസുകള്‍ തന്നെ നിര്‍ത്തിവെക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ ക്ലാസ് നിര്‍ത്തിവെച്ചെന്ന പ്രചരണം തെറ്റാണെന്ന് സര്‍വ്വകലാശാലാ വിസി ഡോ.ധര്‍മ്മരാജ് പറഞ്ഞു. 

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വ്വകലാശാല ആരംഭിച്ച കാലത്ത് താല്‍ക്കാലികാവശ്യത്തിന് പണിത കെട്ടിടത്തിലാണ് ഇപ്പോഴും ബിഎഫ്എ, എംഎഫ്എ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. സ്കൂളുകള്‍ക്ക് ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച കെട്ടിടങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനമുള്ളപ്പോഴാണ് കാലടിയില്‍ ഇപ്പോഴും ഇത്തരത്തിലൊരു കെട്ടിടത്തില്‍ പഠനം നടക്കുന്നതെന്ന് എംഎഫ്എ വിദ്യാര്‍ത്ഥിയായ യദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


ചുടുകട്ടയും ആസ്ബറ്റോസ് ഷീറ്റും കൊണ്ട് അന്ന് നിർമ്മിച്ച കെട്ടിടം ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമായി. ഇപ്പോഴും ഈ കെട്ടിടത്തിലാണ് ഫൈന്‍ ആര്‍ട്സിന്‍റെ ക്ലാസുകള്‍ നടക്കുന്നത്. പ്രളയ ശേഷം ഇതേ കെട്ടിടം വൃത്തിയാക്കി വീണ്ടും ക്ലാസുകള്‍ ആരംഭിക്കാന്‍ തുടങ്ങിയപ്പോഴാണ് തങ്ങള്‍ സമരത്തിലിറങ്ങിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റ് വകുപ്പുകള്‍ക്ക് ഓരോ കാലത്തും പുതിയ കെട്ടിടങ്ങളും സൌകര്യങ്ങളും ഉണ്ടായപ്പോള്‍ സര്‍വ്വകലാശാലയുടെ യശസുയര്‍ത്തുന്ന ഫൈന്‍ ആര്‍ട്സ് വിഭാഗത്തെ സര്‍വ്വകലാശാല മനപൂര്‍വ്വം തഴയുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

160 ഓളം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റില്‍ ആകെയുള്ളത് ഒരു ശുചിമുറി മാത്രമാണ്. അത് പോലും ഇപ്പോള്‍ ഉപയോഗശൂന്യമായി. പ്രളയശേഷം കെട്ടിടം മുഴുവനും ഇലക്ട്രിക്ക് ഷോക്ക് ഉണ്ട്. പാടം നികത്തിയാണ് സര്‍വ്വകലാശാല സ്ഥാപിച്ചത്. ഇതു കൊണ്ട് പെട്ടെന്ന് വെള്ളം കയറിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ വിലപിടിപ്പുള്ള കലാസൃഷ്ടികള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സര്‍വ്വകലാശാല കൂടുതല്‍ സൌകര്യമുള്ള പഠനസ്ഥലം നിര്‍ദ്ദേശിക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. പുതിയ കെട്ടിടം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുകയാണെന്നും എന്നാല്‍ പുതുതായി പണിയുന്ന ഒരോ കെട്ടിടവും മറ്റ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

ഒന്നരവര്‍ഷമായി അടച്ചിട്ടിരിക്കുന്ന ഇന്‍ററാക്റ്റീവ് സെന്‍റര്‍ ഫൈനാര്‍ട്സിനായി തുറന്നു കൊടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ ചിത്രം വരച്ച് കെട്ടിടം വൃത്തികേടാക്കുന്നതിനാല്‍ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന നിലപാടാണ് അധികൃതര്‍ക്ക്. മാത്രമല്ല, ഇപ്പോള്‍ ക്ലാസുകള്‍ക്കായി വിട്ട് തന്നിരിക്കുന്നത് മൂന്നാം നിലയിലാണെന്നും ഇവിടേക്ക് എങ്ങനെയാണ് ശില്‍പകല പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വര്‍ക്കുകള്‍ എത്തിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. 

വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നും എന്നാല്‍, പ്രളയാനന്തര സാഹചര്യത്തില്‍ സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന സ്ഥലം ഉപയോഗിക്കാതെ പുതിയൊരു സ്ഥലത്തിനായി വാശിപിടിക്കുന്നതില്‍ ന്യായമില്ലെന്നും വകുപ്പ് തലവന്‍ സാജു തുരുത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. പുതിയ കെട്ടിടം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത് പെട്ടെന്ന് നടക്കില്ലെന്നത് കൊണ്ട് നിലവില്‍ ലഭ്യമായ സൌകര്യങ്ങള്‍ വിദ്യാർത്ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയത്തില്‍ സർവകലാശാലയിലെ എല്ലാ കെട്ടിടത്തിലും വെള്ളം കയറിയിരുന്നെന്നും ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്നമല്ല ഇതെന്നുമായിരുന്നു സര്‍വ്വകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വെള്ളം കയറിയതോടെ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള എല്ലാ രേഖകളും നശിച്ചിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് സര്‍വ്വകലാശാലയില്‍ സംഭവിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നത് കൊണ്ടാണ് അവരുടെ ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സര്‍വ്വകലാശാലയിലെ ഓഡിറ്റോറിയമായ കനകധാരയും പഴയ ലൈബ്രറി കെട്ടിടവും വിട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

കോഴ്സ് സസ്പെന്‍റ് ചെയ്തെന്നുള്ള പ്രചരണമെല്ലാം തെറ്റാണ്. അങ്ങനെയൊരു തീരുമാനം സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഡോ.ധര്‍മ്മരാജ് പറഞ്ഞു. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം അനുവദിച്ചിട്ടുണ്ട്. അധ്യാപകര്‍ ക്ലാസ് റൂമുകളിലുണ്ടാകും. വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമുകളിലെത്തിയാല്‍ പഠനം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അടുത്ത മാസം സെമസ്റ്റര്‍ പരീക്ഷ നടക്കേണ്ടതുണ്ട്. അത് കൃത്യ സമയത്ത് തന്നെ നടക്കേണ്ടത് കൊണ്ടാണ് എത്രയും പെട്ടെന്ന് ക്ലാസുകള്‍ ആരംഭിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ നിസഹകരിക്കുകയും ക്ലാസില്‍ കയറാതിരിക്കുകയും ചെയ്യുന്നത് നല്ല നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാന്‍ തയ്യാറായാല്‍ അന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.