തെരഞ്ഞെടുപ്പ് പര്യടനത്തിന് ഒരാഴ്ച മുമ്പ് ജാഥയുടെ പൈലറ്റ് വാഹനം വലിയപറമ്പ് വലിയ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് സന്തോഷ്കുമാറിന് ഗുരുതരമായി പരിക്കേറ്റത്.
കോഴിക്കോട്: അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കയില്‍ കഴിയുന്ന സന്തോഷ് കുമാറിന് ഈ തെരഞ്ഞെടുപ്പില്‍ ഒരു ദൗത്യം നിറവേറ്റാനുണ്ട്. സ്ഥാനാര്‍ഥിയായ ഭാര്യയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്നതാണ് ആ ദൗത്യം. ദൗത്യം നിറവേറ്റാനായി ശരീരത്തിന്റെ തളര്‍ച്ചയെ മനസ്സുകൊണ്ട് അതിജീവിച്ച് വാര്‍ഡിലെ ഓരോ വോട്ടറേയും നേരില്‍ കാണുക എന്ന ലക്ഷ്യം വെച്ചുള്ള പ്രയാണത്തിലാണ് കിഴക്കോത്ത് വലിയപറമ്പ് തുവ്വക്കുന്നുമ്മല്‍ എ.പി.സന്തോഷ്കുമാര്‍. ഭാര്യ പ്രജിഷ സന്തോഷ് കിഴക്കോത്ത് പഞ്ചായത്തിലെ നാലാം വാര്‍ഡായ വലിയപറമ്പില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
പത്ത് വര്‍ഷം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് സന്തോഷിന്റെ ജീവിതത്തിലെ സന്തോഷം കെടുത്തിക്കളഞ്ഞ ആ സംഭവം നടന്നത്. അന്ന് എല്‍.ഡി.എഫ്. ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പര്യടനത്തിന് ഒരാഴ്ച മുമ്പ് പഞ്ചായത്തില്‍ നടത്തിയ വികസന മുന്നേറ്റ ജാഥയുടെ പൈലറ്റ് വാഹനം വലിയപറമ്പ് കരൂഞ്ഞിയിലെ പൊന്നുംതോറമലയിലെ വലിയ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് സന്തോഷ്കുമാറിന് ഗുരുതരമായി പരിക്കേറ്റത്.
മൂന്നു മറിച്ചില്‍ മറിഞ്ഞ ജീപ്പ് തെറിച്ചുവീണ സന്തോഷിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ സന്തോഷിന്റെ അരയ്ക്ക് താഴെ തളര്‍ന്നു പോയി. ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്ന സന്തോഷിന് ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കില്ല. യാത്ര ചെയ്യണമെങ്കില്‍ മുച്ചക്ര വാഹനത്തില്‍ എടുത്തു വെക്കണം. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സന്തോഷ് അപകടം സംഭവിച്ച സമയത്ത് ഡി.വൈ.എഫ്.ഐ.യുടെ കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറിയും താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു. അതിന് മുമ്പ് സി.പി.എം. കിഴക്കോത്ത് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.
അപകടത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കിടക്കുമ്പോഴാണ് പാര്‍ട്ടി ഭാര്യ പ്രജിഷയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുന്നത്. പാര്‍ട്ടി തന്നിലേല്പിച്ച ദൗത്യം വിജയിപ്പിക്കുന്നതിനായി രാവും പകലുമില്ലാതെ തന്റെ പരിമിതികളെയെല്ലാം മറന്നുകൊണ്ടുള്ള കഠിന പ്രയത്നത്തിലാണ് സന്തോഷ് കുമാറിപ്പോള്‍. ഭാര്യയോടൊപ്പം വോട്ടു ചോദിക്കാനിറങ്ങുന്ന സന്തോഷ് രാത്രി ഒന്പതുവരെ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്.
വൈകുന്നേരങ്ങളില്‍ അങ്ങാടികളിലെത്തിയും വോട്ടഭ്യര്‍ഥിക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെത്തുന്ന സന്തോഷ് പ്രചാരണ ബോര്‍ഡുകളും എഴുതും. സ്ഥാനാര്‍ഥിയുടെ പര്യടനം രണ്ട് റൗണ്ട് പിന്നിട്ട് ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണ്. വാര്‍ഡില്‍ നടക്കുന്ന കുടുംബയോഗങ്ങളില്‍ സംസാരിക്കുന്നതിനും സന്തോഷ്കുമാര്‍ മുന്നില്‍ തന്നെ ഉണ്ടാകും.
മുന്‍ കാല തെരഞ്ഞെടുപ്പുകളേക്കാള്‍ ആവേശം ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ടെന്ന് അവകാശപ്പെട്ട സന്തോഷ് വികസന കാര്യത്തില്‍ നാട്ടില്‍ പുതിയ വെളിച്ചം പകരാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന വാശിയിലാണ്. സ്ഥാനാര്‍ഥിയായ അമ്മയ്ക്കും പ്രചാരണത്തില്‍ സജീവമായ അച്ഛനും തണലായി വലിയപറമ്പ് എ.എം.യു.പി.സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ലെനിന് റോഷനും കൂടെയുണ്ട്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 8, 2020, 3:41 PM IST
Post your Comments