ആദിവാസികുട്ടികളുടെ കോഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിക്ക് നേതൃത്വം കോടുക്കുന്നത് പട്ടിക വര്‍ഗ്ഗ വകുപ്പാണ്.


ഇടുക്കി: കാടിനുള്ളിലും സമീപത്തും താമസിക്കുന്ന ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി ഇടുക്കിയില്‍ മുടങ്ങി. കരാര്‍ പ്രകാരം ലഭിക്കേണ്ട തുക നാല് മാസമായി കിട്ടാതായതോടെ വാഹന ഉടമകള്‍ സര്‍വീസ് നിര്‍ത്തിയതാണ് കാരണം. ജില്ലയില്‍ ആയിരത്തിലധികം കുട്ടികളെ നേരിട്ട് ബാധിക്കുന്ന പ്രശനത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് പട്ടിക വര്‍ഗ്ഗ വകുപ്പ് അറിയിച്ചു. 

ദുര്‍ഘട പ്രദേശങ്ങളിലെ ആദിവാസി കുട്ടികളെ വാഹനങ്ങളില്‍ സ്കൂളിലെത്തിക്കുന്നതിനായി 2013 -ല്‍ തുടങ്ങിയതാണ് ഗോത്രസാരഥി പദ്ധതി. ആദിവാസികുട്ടികളുടെ കോഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിക്ക് നേതൃത്വം കോടുക്കുന്നത് പട്ടിക വര്‍ഗ്ഗ വകുപ്പാണ്. വാഹനങ്ങള്‍ക്കുള്ള വാടക മാസാവസാനം അതാത് സ്കൂളുകളിലൂടെയാണ് പട്ടികവര്‍ഗ്ഗവകുപ്പ് നല്‍കുക.

YouTube video player

ഇടുക്കിയില്‍ 50 -തിലധികം സ്കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികളാണ് ഇതിന്‍റെ ഗുണം അനുഭവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മിക്കയിടത്തും വാഹനങ്ങള്‍ നിര്‍ത്തിയ മട്ടാണ്. നാല് മാസമായി വാഹന വാടകയിനത്തിലെ തുക പട്ടിക വര്‍ഗ്ഗ വകുപ്പ് നല്‍കാത്തതാണ് കാരണം. വാഹനങ്ങള്‍ ഓടാതായതോടെ കിലോമീറ്ററുകള്‍ അകലെയുള്ള സ്കൂളുകളിലേക്കുള്ള യാത്രയും പല ഊരുകളിലെ കുട്ടികളും നിര്‍ത്തി. ഗോത്രസാരഥി പദ്ധതി പ്രകാരം വാഹനങ്ങള്‍ക്കുള്ള കുടിശിക നല്‍കാനുണ്ടെന്ന് പട്ടിക വര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.

എന്നാല്‍, ഇതിന്‍റെ പേരില്‍ കുട്ടികളുടെ പഠനം മുടങ്ങിയെന്ന ആരോപണം വകുപ്പുദ്യോഗസ്ഥര്‍ നിഷേധിച്ചു. കോടുക്കാനുള്ള പണം രണ്ടാഴ്ച്ചക്കുള്ളില്‍ നല്‍കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. യുഡിഎഫ് ഭരണകാലത്ത് മുന്‍മന്ത്രി പികെ ജയലക്ഷ്മി തുടങ്ങിയ പദ്ധതിയാണ് ഗോത്രസാരഥി. ആദിവാസി കുട്ടികളുടെ കോഴി‍ഞ്ഞുപോക്ക് തടയാന്‍ കുട്ടികളെ വാഹനങ്ങളില്‍ സൗജന്യമായി സ്കൂളിലെത്തിക്കുന്ന പദ്ധതി. എന്നാല്‍ പലപ്പോഴും വാഹനങ്ങള്‍ക്കുള്ള പണം കൈമാറുന്നതില്‍ വീഴ്ച വരുന്നതിനാല്‍ പദ്ധതി പലപ്പോഴും താളം തെറ്റുന്നു.