അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനാല്‍ രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് മുപ്പതോളം കുടുംബങ്ങളാണ് പൊലീസില്‍ പരാതി നല്‍കിയത്.

തൃശൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രളയാനന്തര സഹായം ലഭിക്കാതിരിക്കാന്‍ രേഖകള്‍ പിടിച്ചുവച്ചിരിക്കുന്നതായി പരാതി. പ്രളയം വിഴുങ്ങിയ പുതുക്കാട് ആമ്പല്ലൂര്‍ കല്ലൂര്‍ പള്ളം പ്രദേശത്തെ കുടുംബങ്ങള്‍ നല്‍കിയ രേഖകളാണ് കൊടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനന്‍ ചുണ്ടേലിപ്പറമ്പില്‍ പിടിച്ചുവച്ചിരിക്കുന്നതായി പുതുക്കാട് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. രേഖകളില്ലാത്തതിനാല്‍ ഇതുവരെയും ഇവര്‍ക്ക് പ്രളയ സഹായം ലഭിച്ചിട്ടില്ല.

 അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനാല്‍ രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് മുപ്പതോളം കുടുംബങ്ങളാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി പ്രകാരം പ്രിബനനോട് വ്യാഴാഴ്ച സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇയാള്‍ എത്തിയില്ല. വെള്ളിയാഴ്ച നേരിട്ടെത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 പ്രളയത്തില്‍ മേഖലയിലെ വീടുകള്‍ മുങ്ങിയിരുന്നു. കല്ലൂര്‍ പടിഞ്ഞാറെ പള്ളിയുടെ മതബോധന ഹാളായിരുന്നു ദുരിതാശ്വാസ ക്യാമ്പ്. പ്രദേശവാസികള്‍ കഴിഞ്ഞിരുന്നത്. പൊലീസ്, റവന്യു, ആരോഗ്യവിഭാഗം, കലക്ടര്‍ ഉള്‍പ്പെടെ ക്യാമ്പില്‍ എത്തിയിരുന്നു. പ്രളയത്തില്‍ വീട് വാസയോഗ്യമല്ലാതാവുകയും, വീടിന് വിള്ളല്‍ വീഴുകയും ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും രേഖകളും ഉള്‍പ്പെടെയുള്ളവ നശിക്കുകയും ചെയ്തു.

പ്രളയ സഹായഭവന പുനരുദ്ധാരണ ഫണ്ട് ലഭിക്കുന്നതിന് ഇവരില്‍ നിന്നും അപേക്ഷകളും ആവശ്യമായ രേഖകളുടെ പകര്‍പ്പുകളും കലക്ടറടക്കമുള്ളവരുടെ സന്ദര്‍ശക ഡയറിയുടെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ സഹിതം പ്രിബനന്‍ ഇവരില്‍ നിന്നും കൈവശപ്പെടുത്തിയിരുന്നു. കല്ലൂര്‍ വില്ലേജ് ഓഫീസര്‍ മുഖേന സഹായം ശരിയാക്കി നല്‍കുമെന്ന് പറഞ്ഞാണ് ബ്ലോക്ക് പഞ്ചായത്തംഗം രേഖകള്‍ കൈക്കലാക്കിയത്.

എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രളയാനന്തര ഭവന നിര്‍മ്മാണ പുനരുദ്ധാരണ ഫണ്ട് ആളുകള്‍ക്ക് ലഭിച്ചതോടെ പള്ളത്തെ പട്ടികജാതി കുടുംബങ്ങള്‍ ആശങ്കയിലായി. വില്ലേജ് ഓഫീസ്, പഞ്ചായത്ത്, താലൂക്ക് ഓഫീസുകളില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ഇവരുടെ അപേക്ഷകള്‍ ലഭിച്ചിട്ടില്ലെന്ന മറുപടി കിട്ടിയത്. ഇതിനിടയില്‍ പള്ളം നിവാസികള്‍ക്ക് പ്രളയസഹായം ലഭിക്കരുതെന്നും ഇതിന് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫീസറോട് ഇയാള്‍ പറഞ്ഞതായും പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. 

 മറ്റൊരാളുടെ സാനിധ്യത്തില്‍ രേഖകള്‍ മടക്കി നല്‍കാമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെയും നല്‍കിയിട്ടില്ലെന്നും രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു.