മണ്ണഞ്ചേരി: സ്കൂൾ  കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. മുഹമ്മ കെഇ കാർമ്മൽ വിദ്യാർത്ഥികളായ  മണ്ണഞ്ചരി  പുത്തൻ വീട്ടിൽ ഉബൈദിന്റെ മകൻ മിൻഹാജ്, രാജ് ഭവനിൽ  നിഷാദിന്റെ മകൾ  മിൻഹാ ഫാത്തിമ, നമ്യാംകുളം  കബീറിന്റെ മകൾ ഇഫാ, പുത്തൻ വീട്‌ സാദിഖിന്റെ മകൾ ഫൈസാമോൾ, പുത്തൻ പുരയിൽ സാജിദിന്റെ മകൾ ഷഹന, ശിഹാബിന്റെ മകൻ അമാൻ,  കുമ്പളം കുന്നേൽ മുഹമ്മദ്‌ ഫൈസലിന്റെ മക്കളായ നിദ ഫാത്തിമ, ഖദീജ,  ഓട്ടോ ഡ്രൈവർ മണ്ണഞ്ചേരി ബിസ്മില്ല മൻസിലിൽ  ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 8.30 ഓടെയാണപകടം. മണ്ണഞ്ചേരിയിൽ നിന്നും കുട്ടികളുമായി മുഹമ്മയിലേക്ക് പോവുകയായിരുന്നു. കാവുങ്കൽ പികെ കവലയ്ക്ക് വടക്ക് ബൈക്ക് യാത്രികൻ പെട്ടെന്ന് വെട്ടിച്ചു ഓട്ടോയ്ക്ക് കുറുകെ എടുത്തതാണ് അപകടത്തിന് കാരണം. ഇയാളെ രക്ഷിക്കുന്നതിനിടയിൽ ഓട്ടോ റോഡിന് സൈഡിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെയും ഓട്ടോ ഡ്രൈവറുടെയും കൈകാലുകൾക്ക് പരിക്കുണ്ട്. ഇവരെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നല്‍കി.