പുനലൂർ നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങ് ഒരു അപൂർവതയ്ക്ക് സാക്ഷ്യം വഹിച്ചു. പുതിയ കൗൺസിലിലെ തലമുതിർന്ന അംഗമായ ഓമനക്കുട്ടൻ ഉണ്ണിത്താൻ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊല്ലം: മുനിസിപ്പൽ കൗൺസിലറായ് തെരഞ്ഞെടുക്കപ്പെട്ട മരുമകന് സത്യപ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്ത് ഭാര്യാ പിതാവ്. പുനലൂർ നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങാണ് വ്യത്യസ്തമായത്. നഗരസഭയിലെ ഒന്നാം വാർഡായ ആരംപുന്നയിൽ നിന്നും വിജയിച്ച ഓമനക്കുട്ടൻ ഉണ്ണിത്താനാണ് പുതിയ കൗൺസിലിലെ തലമുതിർന്ന കൗൺസിലർ. അതിനാൽ ഇദ്ദേഹമാണ് പുതിയ കൗൺസിലർമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. ഇക്കൂട്ടത്തിലാണ് പവർഹൗസ് വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മരുമകൻ കൂടിയായ ജി ജയപ്രകാശിനും പ്രതിജ്ഞ ചൊല്ലി കൊടുത്തത്.
ഓമനക്കുട്ടൻ ഉണ്ണിത്താന്റെ മകളുടെ ഭർത്താവാണ് ജയപ്രകാശ്. അഞ്ചാം തവണയാണ് ഓമനക്കുട്ടൻ ഉണ്ണിത്താൻ പുനലൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജയപ്രകാശ് മൂന്നാം തവണയും. യുഡിഎഫ് ടിക്കറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചായിരുന്നു ഇരുവരുടെയും വിജയം. കഴിഞ്ഞ കൗൺസിലിലെ പ്രതിപക്ഷ നേതാവായിരുന്നു ജയപ്രകാശ്. രണ്ടുപേരും പുനലൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടങ്കിലും ഒരേ കൗൺസിലിൽ എത്തുന്നതും ആദ്യം.


