ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന സ്‌കൂൾ കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രിയിൽ എത്തിച്ചു. പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂളിലെ മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചു.

മഴ പെയ്തത് കൊണ്ട് വഴിയില്‍ നിന്ന് തെന്നി മാറിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗുരുതരമായ പരിക്കുകള്‍ അപകടത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഇല്ലെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.