ഒറ്റപ്പാലത്ത് ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് വീണ്ടും തീപിടിച്ചു. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് 200 മീറ്ററോളം തീ പടരുകയായിരുന്നു. ഒരു മാസത്തിനിടെ നാലാം തവണയുണ്ടാകുന്ന തീപിടുത്തത്തിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്ന് നാട്ടുകാർ സംശയിക്കുന്നു.
പാലക്കാട്: ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ പുല്ലിന് തീപിടിച്ചു. മായന്നൂർ കടവിന് സമീപമാണ് തീ പടർന്നു പിടിച്ചത്. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് തുടങ്ങിയ തീ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ കത്തിപ്പടർന്നു. വേനലടുക്കും മുൻപ് തന്നെ പുൽക്കാടുകൾക്കുണ്ടാകുന്ന ഈ അഗ്‌നിബാധ ഇപ്പോൾ പാതിവാണ്. ഈ മാസം 15 നും ഇത്തരത്തിൽ ഭാരതപ്പുഴയിലെ പുല്ലിന് തീ കത്തിപ്പടർന്നിരുന്നു. ഭാരതപ്പുഴയിലുള്ള പുൽക്കാടുകൾക്കുണ്ടാകുന്ന തീപിടുത്തം ജൈവ സന്തുലിതാവസ്ഥയ്ക്കു നാശം വരുത്തുന്ന അവസ്ഥയിലായിരിക്കുകയാണ്. തൃത്താല മേഖലയിൽ ദേശാടനപ്പക്ഷികളും അപൂർവങ്ങളായ പക്ഷിയിനങ്ങളും കൂടുതലായുള്ള ഭാഗമാണു വെള്ളിയാങ്കല്ലും പരിസരപ്രദേശങ്ങളും.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നാലാം തവണയാണ് പുഴയിൽ തീ പടരുന്നത്. ഭാരതപ്പുഴയിൽ പുൽക്കാടിനകത്തെ ഒട്ടേറെ പക്ഷികൾ ഉൾപ്പടെയുള്ള ജീവജാലങ്ങൾ അഗ്‌നിക്കിരയാവുന്നതും പതിവാകുന്നുണ്ട്. പുഴയിലെ പുൽക്കാടുകൾക്കു സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് നിഗമനം. പുഴയിലെ ചെറിയ തുരുത്തുകളിലും പുൽക്കാടുകൾ കത്തിനശിച്ചിട്ടുണ്ട്. നദിയുടെ വശങ്ങളിലും തുരുത്തുകളിലെയും പക്ഷികളും ജന്തുജാലങ്ങളുമെല്ലാം അഗ്‌നിക്കിരയായിട്ടുണ്ട്. പുഴയിലെത്തുന്ന ആളുകളുടെ സംഘമാണ് തുടർച്ചയായ അഗ്‌നിബാധയ്ക്ക് പിന്നിലെന്നു നാട്ടുകാർ പറയുന്നു. വിവിധയിനം പക്ഷികളുടെയും ജന്തുക്കളുടെയുമെല്ലാം ജീവനും ആവാസ വ്യവസ്ഥയുമാണ് ഓരോ തീപിടിത്തത്തിലും വെന്തു വെണ്ണീറാവുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.


