വടകര റാണി പബ്ലിക് സ്‌കൂൾ ബസ് ഡ്രൈവറായ യുവാവിനെ മദ്യ ലഹരിയിൽ സ്‌കൂൾ ബസ് ഓടിച്ചതിന് പൊലീസ് പിടികൂടി. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും തീരുമാനിച്ചു. സ്‌കൂൾ ബസുമായാണ് ഡ്രൈവറെ പൊലീസ് പിടികൂടിയത്

കോഴിക്കോട്: മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പോലീസ് പിടിയില്‍. നാദാപുരം കക്കട്ടില്‍ സ്വദേശി ചീക്കോന്ന് മൊയിലോത്ത് സവനീഷ്(42) ആണ് വടകര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ വടകര-വില്യാപ്പള്ളി റോഡില്‍ പുത്തൂരില്‍ വച്ചാണ് കെഎല്‍ 18 ജെ 8285 നമ്പറിലുള്ള സ്‌കൂള്‍ ബസ്സുമായി ഇയാള്‍ പിടിയിലായത്. വടകര റാണി പബ്ലിക് സ്‌കൂളിന്റെ പേരിലുള്ള ബസ്സായിരുന്നു ഇത്. ഡിവൈ എസ്പിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ മനോജ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജയ്ദീപ്, ഡ്രൈവര്‍ സജീഷ് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയായിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒക്ക് ശുപാര്‍ശ നല്‍കുമെന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.