മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെത്തിച്ച കുട്ടിയുടെ കൈവിരൽ മെറ്റൽ ഷീറ്റ് ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്

മലപ്പുറം: സ്‌കൂളില്‍ നിന്നും മടങ്ങവെ സ്‌കൂള്‍ ബസിന്റെ വിന്‍ഡോ ഗാര്‍ഡിന് സമീപമുള്ള ദ്വാരത്തില്‍ കൈവിരല്‍ കുടുങ്ങി. ഏഴാം ക്ലാസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. കൊണ്ടോട്ടി അല്‍ ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കൈ വിരലുകളാണ് ദ്വാരത്തില്‍ കുടുങ്ങിയത്. മലപ്പുറം ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷനിലെത്തിച്ച കുട്ടിയുടെ കൈവിരല്‍, മെറ്റല്‍ ഷീറ്റ് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അഗ്‌നി രക്ഷാസേന പുറത്തെടുത്തത്. ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് 4.30 ഓടെ കോടങ്ങാട് ഇളനീര്‍ കരയിലുള്ള വീടിനു സമീപം ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈവിരല്‍ ദ്വാരത്തിനുള്ളില്‍ കുടുങ്ങിയത്.

ബസ് ജീവനക്കാരും നാട്ടുകാരും ഏറെനേരം ശ്രമിച്ചെങ്കിലും വിരല്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. വാഹനം പിന്നീട് മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം സമയമെടുത്താണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ബസിന്റെ സീറ്റ് അഴിച്ചു മാറ്റി മെറ്റല്‍ ഷീറ്റ് ഗ്രൈന്റര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയത്. കുട്ടിയുടെ രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെയാണ് വാഹനത്തില്‍ മലപ്പുറം ഫയര്‍ ആന്‍ഡ റസ്‌ക്യു സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷന്‍ ഓഫിസര്‍ ഇ കെ അബ്ദുള്‍ സലീമിന്റെ നേതൃത്വത്തിലാണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.