കുട്ടികളുടെ പാർക്ക്, കളിസ്ഥലം, കുട്ടികളുടെ റേഡിയോ, ലൈബ്രറി, സയൻസ് - പരിസ്ഥിതി ക്ലബ്ബുകൾ തുടങ്ങിയവ സ്കൂളിൽ സജീവമാണ്
അമ്പലപ്പുഴ: പുതിയ അധ്യയന വർഷത്തിൽ തീവണ്ടിയായി വിദ്യാലയം. സ്‌കൂൾ കെട്ടിടവും മുറികളും തീവണ്ടി രൂപത്തിലേറ്റ് മാറ്റിയതോടെ വിദ്യാർഥികൾക്കും നാട്ടുകാർക്കും കൗതുകം മാറുന്നില്ല. അമ്പലപ്പുഴ കുതിരപന്തി ശ്രീ റ്റി കെ മാധവ മെമ്മോറിയൽ വാടയ്ക്കൽ യു പി സ്‌കൂളിലാണ് ആകർഷകമായ രീതിയിൽ തീവണ്ടിയുടെ മാതൃകയിൽ കെട്ടിടം നവീകരിച്ചത്.

കുട്ടികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മാനേജ് മെന്റിന്റെ നിർദേശപ്രകാരം ഈ കലാവിരുത് തയ്യാറാക്കിയത് ആലപ്പുഴ തത്തംപള്ളി സ്വദേശി ബോബൻ സിത്താര എന്ന കലാകാരനാണ്. ഒരാഴ്ച കൊണ്ടാണ് ഒരു സഹപ്രവർത്തകനൊപ്പം ഇദ്ദേഹം സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ ട്രെയിൻ വരച്ചു തീർത്തത്. ഇതിൽ എ സി കോച്ചുകളും നിർമിച്ചിട്ടുണ്ട്. എൽ കെ ജി മുതൽ ഏഴാം ക്ലാസു വരെ ഇംഗ്ലീഷ്, മലയാളം മിഡിയം ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 300 ഓളം വിദ്യാർഥികളാണുള്ളത്.

1957 ൽ പ്രവർത്തനമാരംഭിച്ച സ്‌കൂളിൽ ഇത്തവണ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ക്ലാസ് മുറികളിലുമുള്ളത്. ക്ലാസ് മുറികളിലെ ബ്ലാക്ക് ബോർഡുകൾ പൂർണമായി ഡിജിറ്റൽ വൈറ്റ് ബോർഡുകളാക്കി. കുട്ടികളുടെ പാർക്ക്, കളിസ്ഥലം, കുട്ടികളുടെ റേഡിയോ, ലൈബ്രറി, സയൻസ് - പരിസ്ഥിതി ക്ലബ്ബുകൾ തുടങ്ങിയവ സ്കൂളിൽ സജീവമാണ്. പ്രവേശനോൽത്സവ ഒരുക്കങ്ങൾ പുർത്തിയായെന്ന് സ്കൂൾ എച്ച് എം ഗീതാകുമാരി, മാനേജർ റ്റി ആർ ഓമനക്കുട്ടൻ എന്നിവർ അറിയിച്ചു.
