കോഴിക്കോട് താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് ക്യാംപിനിടെ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി.  

കോഴിക്കോട്: നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്)ക്യാംപിനിടെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ ഒളവില്‍. കോഴിക്കോട് താമരശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ പൂക്കോട് സ്വദേശി ഇസ്മയിലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ക്യാംപില്‍ വച്ച് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച് കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ വിവരം നല്‍കിയത്. ഇയാള്‍ നിരന്തരം വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. അതേസമയം ഇസ്മയിലില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായതായി ക്യാമ്പില്‍ പങ്കെടുക്കാത്ത മറ്റൊരു കുട്ടിയും അധികൃതരെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ സ്‌കൂളില്‍ ചാര്‍ജെടുത്തത്. സ്‌കൂളിലെ എന്‍എസ്എഎസ് ചുമതലയും ഇയാള്‍ക്കായിരുന്നു. പരാതി ലഭിച്ചതോടെ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.