വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.
കട്ടപ്പന (ഇടുക്കി): ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്. കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. ഈട്ടിത്തോപ്പ് പിരിയംമാക്കല്‍ ഷെല്ലി ജോര്‍ജിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. ദൂരസ്ഥലത്തുനിന്നും വന്ന് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പ്രതി കടന്നു പിടിച്ചതായി പരാതിയില്‍ പറയുന്നു.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ നേതൃനിരയിലുള്ള ഭാരവാഹിയാണ് ഷെല്ലി ജോര്‍ജ്. അതേസമയം, പെൺകുട്ടിയെ ഇയാൾ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.
മുന്‍പ് ബസ് യാത്രയ്ക്കിടയില്‍ യാത്രക്കാരിയോട് സമാന രീതിയില്‍ പെരുമാറിയതിന് ഷെല്ലി ജോര്ജിനെതിരെ എരുമേലി പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ സംഘടനാ സ്വാധീനത്താല്‍ ഈ പരാതി ഒത്തു തീര്‍ക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതി മറ്റ് കുട്ടികളോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരി പ്രസവിച്ചു. 2016 ൽ കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഇരയായ പെൺകുട്ടിയാണ് പ്രസവിച്ചത്. ഈ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടെന്നാണ് വിവരം. സംഭവത്തിൽ കുളത്തൂപ്പഴ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പെണ്‍കുട്ടി പ്രസവിച്ച വിവരമറിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകരോട് താനാണ് പ്രസവിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയുടെ അമ്മ ആശുപത്രിയിൽ എത്തിയിരുന്നു. തുടർപരിശോധനയ്ക് ഇവർ വിസമ്മതിച്ചതോടെ ആശുപത്രി അധികൃതർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒടുവിലാണ് മകളാണ് കുഞ്ഞിനു ജന്മം നൽകിയതെന്ന് ഇവർ സമ്മതിച്ചത്.
