കാറിന് മുകളിലേക്ക് മരം വീണെങ്കിലും യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: കൊയിലാണ്ടിയില്‍ മരം കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. കാര്‍ യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7.30 ഓടെ കൊയിലാണ്ടി അരങ്ങാടത്ത് ആന്തട്ട സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കാറിന് മുകളിലേക്ക് മരം വീണ് കാര്‍ തകര്‍ന്ന നിലയിലാണെങ്കിലും യാത്രക്കാരന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിക്കുകയായിരുന്നു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മരം അല്‍പം ചരിഞ്ഞു നില്‍ക്കുന്നത് കണ്ടെങ്കിലും ഇങ്ങനെ ഒരപകടം പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.