ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ഇയാള്‍ കൊണ്ടുവന്നത്.

തൃശൂര്‍: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി സ്‌കൂബ ഡൈവര്‍ പൊലീസിന്റെ പിടിയില്‍. പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയുമായി മോട്ടോര്‍സൈക്കിളില്‍ വരുന്നതിനിടെയാണ് പിടിയിലായത്. തൃശൂര്‍ മേഖലയില്‍ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് പിടിയിലായ ശ്യാം എന്ന് പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് ഇയാള്‍ കൊണ്ടുവന്നത്. തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി നവനീത് ശര്‍മക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ് കുമാര്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്പി കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. അനീഷ് കരീം, എസ്.ഐമാരായ ക്ലീറ്റസ്, പ്രസന്നകുമാര്‍, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ പ്രദീപ് സി.ആര്‍, പി. ജയകൃഷ്ണന്‍, ഷൈന്‍ ടി.ആര്‍, ഡാന്‍സാഫ് അംഗങ്ങളായ സൂരജ് വി. ദേവ്, സോണി പി.എക്‌സ്, മാനുവല്‍ എം.വി, ഷിന്റോ കെ.ജെ, നിഷാന്ത് എ.ബി, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ ഉമേഷ് കെ.വി, രാഹുല്‍ എ.കെ, സി.പി.ഒമാരായ അഭിലാഷ്, ലൈജു എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.