അപസ്മാര രോഗത്തെ തുടര്‍ന്നു വീണ താജുദ്ദീനെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് സൗഫറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബദറുദ്ദീനും സഹായിച്ചിരുന്നു
അമ്പലപ്പുഴ: അപസ്മാര രോഗിയില്‍ നിന്ന് 3,35,000 രൂപ കവര്‍ന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. കാക്കാഴം കമ്പിവളപ്പില്‍ സൗഫര്‍ (29) നെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. ആലപ്പുഴ പള്ളാത്തുരുത്തി വാര്‍ഡില്‍ പുത്തന്‍ചിറ പുത്തന്‍വീട്ടില്‍ താജുദ്ദീനില്‍ നിന്നാണ് ഇയാള്‍ പണം അപഹരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് വടക്കു ഭാഗത്തെ തട്ടുകടയിലായിരുന്നു സംഭവം. കേബിള്‍ ഓപ്പറേറ്ററായി ജോലി നോക്കുന്ന താജുദ്ദീന്‍ മറ്റു മൂന്നു സുഹൃത്തുക്കളുമായി ബൈക്കില്‍ പല്ലനയില്‍ നിന്ന് മടങ്ങി വരുന്നതിനിടെ ചായ കുടിക്കുന്നതിനായി തട്ടുകടയില്‍ കയറി.
ഈ സമയം അപസ്മാര രോഗത്തെ തുടര്‍ന്നു വീണ താജുദ്ദീനെ ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് സൗഫറും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബദറുദ്ദീനും സഹായിച്ചിരുന്നു. ആംബുലന്‍സില്‍ കയറ്റുന്നതിനിടെ താജുദ്ദീന്റെ പാന്റിന്റെ പോക്കറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന പണം സൗഫര്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
താജുദ്ദീന്റെ കൈവശം പണമുണ്ടായിരുന്ന വിവരം സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നില്ല. പണം കവര്‍ന്ന ശേഷം സൗഫര്‍ ബദറുദ്ദീനുമായി ആലപ്പുഴയിലെത്തി വസ്ത്രങ്ങളും ചെരുപ്പും വാങ്ങി. ഈ സമയം തട്ടുകടയില്‍ നിന്ന് പണം മോഷ്ടിച്ചോ എന്ന് ചോദിച്ച് ബദറിന്റെ ഫോണില്‍ വീട്ടില്‍ നിന്ന് അന്വേഷണമുണ്ടായി.
മോഷ്ടിച്ച പണമാണ് സൗഫറിന്റെ കൈവശമുള്ളതെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ബദര്‍ പൊലീസിനു മൊഴി നല്‍കി. ഈ സമയം രാത്രി 11ഓടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന താജുദ്ദീന് ബോധം തിരിച്ചുകിട്ടിയപ്പോഴാണ് പണം നഷ്ടമായ വിവരം സുഹൃത്തുക്കളോടു പറഞ്ഞത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അന്വഷണത്തിനിടെ ബുധനാഴ്ച പുലര്‍ച്ചെ ആറോടെ ഇരുവരും കസ്റ്റഡിയിലായി. സൗഫറില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ സൗഫറിനെ റിമാന്റു ചെയ്തു.
