ആറ് വീടുകൾ പൂർണമായി തകർന്നു. നാല് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. തകർന്ന വീടുകളിലെയും കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം. ആറ് വീടുകൾ പൂർണമായി തകർന്നു. നാല് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. തകർന്ന വീടുകളിലെയും കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു.

ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിപാർപ്പിച്ചു. കൂടുതൽ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നുണ്ട്. കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂർണമായും കടലെടുത്തു. ഇന്ന് വൈകീട്ടോടെയാണ് വീടുകളിലേക്ക് കടലടിച്ച് കയറിയത്. അതേസമയം, സംസ്ഥാനത്ത് ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Also Read: അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഏറ്റവും പുതിയ മഴ പ്രവചനങ്ങളും, ജാഗ്രതാ നിർദേശങ്ങളും

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ പരക്കെ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, കോഴിക്കോട് ജില്ലകളിലുമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.