Asianet News MalayalamAsianet News Malayalam

കടലാക്രമണം: ആലപ്പുഴയില്‍ വ്യാപക നാശം

പല വീടുകളിലും ചെളിയും വെള്ളവും നിറഞ്ഞിരിക്കുകയാണ്. ആളുകളെ ബന്ധു വീടുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
 

Sea attack: Widespread damage in Alappuzha
Author
Alappuzha, First Published Dec 31, 2020, 9:40 PM IST

ആലപ്പുഴ: അപ്രതീക്ഷിത കടലാക്രമണത്തില്‍ ജില്ലയുടെ തീരപ്രദേശത്ത് വ്യാപക നാശം. തോട്ടപ്പള്ളി മുതല്‍ ചേര്‍ത്തല വരെയുള്ള തീരങ്ങളിലാണ് കടല്‍ കനത്തത്. ഇന്നലെ രാത്രി മുതലാണ് കടല്‍ ആഞ്ഞടിച്ചത്.  പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. പാതിരപ്പള്ളി ചെട്ടിക്കാട് ഭാഗത്തും  മാരാരിക്കുളത്തും കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മാരാരിക്കുളത്ത് വീട് തകര്‍ന്നു. പല വീടുകളിലും ചെളിയും വെള്ളവും നിറഞ്ഞിരിക്കുകയാണ്. ആളുകളെ ബന്ധു വീടുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ വീടുകളില്‍ സുരക്ഷ മുന്‍ നിര്‍ത്തി   വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 

രാത്രിയായതിനാല്‍ പല കുടുംബങ്ങളും എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായിരുന്നു. രാവിലെ കടല്‍ നേരിയ തോതില്‍ ശാന്തമായെങ്കിലും വീടുകളുടെ മുറ്റത്തു  ചെളിയും വെള്ളവും ഇപ്പോഴുമുണ്ട്. ഒപ്പം മഴയുമെത്തിയതോടെ  ആശങ്കയിലാണ് തീര ദേശവാസികള്‍. ജില്ലയില്‍ കനത്ത കടല്‍ക്ഷോഭമുണ്ടായ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പുത്തന്‍നട പ്രദേശങ്ങളില്‍ കലക്ടര്‍ എ. അലക്സാണ്ടര്‍ സന്ദര്‍ശനം നടത്തി. ചിലസ്ഥലങ്ങളില്‍ കടല്‍ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയിക്കാനും കൂടുതല്‍ കല്ല് എത്തിച്ച് കടല്‍ ഭിത്തി നിര്‍മിക്കാനും മേജര്‍ ഇറിഗേഷന്‍ വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കടല്‍ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ എത്രയും വേഗം അവിടെ നിന്നും മാറി താമസിക്കണമെന്ന് നിര്‍ദേശിച്ചു. പുനര്‍ഗേഹം പദ്ധതി വഴി ഇവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇപ്രകാരം മാറ്റി പാര്‍പ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം പരിശോധിച്ച് ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.

അതേ സമയം പുത്തന്‍ നടഭാഗത്ത് പുലിമുട്ടില്ലാത്തതാണ് ഈ പ്രദേശത്ത് കടല്‍ക്ഷോഭം  നാശനഷ്ടമുണ്ടാകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവിലുള്ള കടല്‍ ഭിത്തിക്ക് മുകളിലൂടെയാണ് തിരമാല ആഞ്ഞടിച്ചത്. കടല്‍ക്ഷോഭം ഉണ്ടായ ചേര്‍ത്തല താലൂക്കിലെ ഒറ്റമശ്ശേരി, അന്ധകാരനഴി പ്രദേശങ്ങളിലും  ജില്ലാ കലക്ടര്‍  സന്ദര്‍ശനം നടത്തി. ഇവിടെ കടല്‍ഭിത്തിയില്ലാത്ത സ്ഥങ്ങളില്‍ നിര്‍മിക്കുന്നതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് കലക്ടര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ വെള്ളത്തിലായ പ്രദേശങ്ങളില്‍ ഫയര്‍ ഫോഴ്സിന്റെ സഹായമുപയോഗിച്ച് വെള്ളം വറ്റിക്കുകയാണ്.  വെള്ളം വറ്റിക്കുന്ന പ്രവൃത്തി അടുത്ത ദിവസവും തുടരും. വെള്ളം ഒഴുകി പോകാന്‍ ഓട വേണമെന്നുള്ളതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
 

Follow Us:
Download App:
  • android
  • ios