ഹരിപ്പാട്: കടൽക്ഷോഭത്തിൽ വിറച്ച് ആറാട്ടുപുഴ. കാർത്തിക ജംങ്ഷൻ മുതൽ തെക്കോട്ട് കള്ളിക്കാട്, എ കെ ജി നഗർ, നല്ലാണിക്കൽ, വട്ടച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെട്ടത്. കടലാക്രമണത്തിൽ 10-ാം വാർഡിൽ സാധുപുരത്തിൽ റാഫിയുടെ വീട് ഭാഗീകമായി തകരുകയും വീടിന്റെ ശുചി മുറി പൂർണ്ണമായും തകർന്നു പോകുകയും ചെയ്തു. 

തീരദേശ പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തെ വീടുകളെല്ലാം കടൽവെള്ളത്തിലായി. തീരദേശപാത കഴിഞ്ഞ് കിഴക്കോട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് കടൽവെള്ളം ഒഴുക്കി ജനജീവിതം ദുസ്സഹമായി. നല്ലാണിക്കൽ ഉണിശ്ശേരിൽ അനിൽകുമാറിന്റേയും, കള്ളിക്കാട് വട്ടതറപടീറ്റതിൽ ഇർഷാദിന്റേയും വീടിന്റെ മതിൽ തകർന്നു. കടയിൽ കിഴക്കതിൽ ഹസൻ കുഞ്ഞിന്റെ വീട്ടിലെ തെങ്ങ് മറിഞ്ഞു വീണു. ആറാട്ടുപുഴയിലും, വട്ടച്ചാലും കടൽക്ഷോഭത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ ചരിഞ്ഞു. ശക്തമായി വെള്ളം ഇരച്ച് കയറി റോഡ് ഇളകി തുടങ്ങി. 

നിരവധി ഇരുചക്രവാഹനയാത്രക്കാർ മറിഞ്ഞു വീഴുകയും ചെയ്തു. തീരദേശത്ത് അറ്റകുറ്റപണികൾക്കായി വച്ചിരുന്ന മത്സ്യബന്ധന വലകൾ പലതും കടൽമണ്ണിനും, കടൽവെള്ളത്തിനും അടിയിലായി. ഇത് വളരെ പണിപ്പെട്ടാണ് മത്സ്യത്തൊഴിലാളികൾ പുറത്ത് എടുത്തത്.  റോഡിൽ മണൽ നിറഞ്ഞിരിക്കുന്നതിനാൽ, അടിയന്തിരമായി നീക്കം ചെയ്തില്ലങ്കിൽ വരും ദിവസങ്ങളിൽ ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്.