നിർമ്മിച്ചത് താഴ്ഭാഗത്തുള്ള ഭിത്തിയാണെന്നും, ഇതിന് മുകളില്‍ ഇനിയും ഭിത്തി സ്ഥാപിക്കുമെന്നും പറഞ്ഞ് ചെറിയ കരിങ്കല്ല് വിരിച്ചാണ് നിലവിലെ ഭിത്തി കെട്ടിയത്.
തൃശൂര്‍: നിർമ്മാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രം കഴിയവേ പെരിയമ്പലം ബീച്ചിലെ കടല്‍ ഭിത്തി തകര്‍ന്നു. അശാസ്ത്രീയമായാണ് നിര്‍മ്മാണം നടക്കുന്നതെന്ന് ആരോപിച്ച് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടല്‍ ഭിത്തിയാണ് തകര്‍ന്നത്. രണ്ടാഴ്ച മുന്‍പാണ് കടലാക്രമണം തടയാനുള്ള കടല്‍ ഭിത്തിയുടെ നിർമ്മാണം പൂർത്തിയായത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കടലാക്രമണത്തില്‍ ഇവ തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
കടല്‍ ഭിത്തി നിര്‍മ്മാണം പഠനം നടത്താതെയാമെന്നും, തീരദേശവാസികൾക്ക് അശാസ്ത്രീയമായി നിർമ്മിച്ച കടൽഭിത്തികൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ രേഖാമൂലം അധികൃതരെയും, സ്ഥലം എംഎല്‍എയും ബോധ്യപ്പെടുത്തിയിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നിര്‍മ്മിച്ച ഭിത്തിയാണ് ഇതെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാൽ പെരിയമ്പലം ബീച്ചില്‍ നിർമ്മിച്ചത് താഴ്ഭാഗത്തുള്ള ഭിത്തിയാണെന്നും, ഇതിന് മുകളില്‍ ഇനിയും ഭിത്തി സ്ഥാപിക്കുമെന്നും പറഞ്ഞ് ചെറിയ കരിങ്കല്ല് വിരിച്ചാണ് നിലവിലെ ഭിത്തി കെട്ടിയത്. ഇതാണ് കടലാക്രമണത്തില്‍ തകര്‍ന്നത്. ഭിത്തി തകര്‍ന്നതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അശാസ്ത്രീയ കടല്‍ഭിത്തി നിര്‍മ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.


