കഴക്കൂട്ടം കുളത്തൂര്‍ മുരളീധരന്‍ നായര്‍ കൊലപാതകക്കേസിലെ രണ്ടാംപ്രതി പിടിയില്‍.

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂര്‍ മുരളീധരന്‍ നായര്‍ കൊലപാതകക്കേസിലെ രണ്ടാംപ്രതി പിടിയില്‍. സൗത്ത് മണ്‍വിള കൊള്ളുമുറി മുറിയില്‍ മായാലക്ഷ്മി വീട്ടില്‍ രാജേന്ദ്ര ബാബുവിനെയാണ് തുമ്പ പൊലീസ് സാഹസികമായി പിടികൂടിയത്. 2006 ല്‍ കൊലപാതകം നടത്തി ഒളിവില്‍പോയ രാജേന്ദ്ര ബാബുവിനെ തിരുവനന്തപുരം സെഷന്‍സ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളിലും മലയോരങ്ങളിലും വേഷംമാറി ഒളിവില്‍കഴിഞ്ഞ പ്രതിയെ കണ്ടെത്തുന്നതിന് കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമീഷണര്‍ ഡികെ. പൃഥിരാജ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. അന്വേഷണ സംഘത്തിലുള്ള ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അലക്‌സ്, സി പി ഒമാരായ സജാദ്, അന്‍സില്‍, അരുണ്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘം ദീര്‍ഘനാളായി പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു.

പലവിധ വേഷത്തില്‍ കേരളത്തിലെ പല ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പ്രതിയെ വ്യാഴാഴ്ച ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പാമ്പാടുംപാറയില്‍ നിന്ന് മല്‍പിടിത്തത്തിലൂടെ കീഴടക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊല്ലത്തെ ചീട്ടുകളി, ചെറിയ തർക്കത്തിന് കഴുത്തറുത്ത് ചെളിയിൽ താഴ്ത്തി; കേരളം ഞെട്ടിയ കേസിൽ അറസ്റ്റ്

അതേസമയം, ആലപ്പുഴയിൽ ക്ഷേത്രത്തിലെ പൂജാരിയെ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി അഞ്ചര പവൻ സ്വർണമാല കവർന്ന കൊലക്കേസ് പ്രതി മൂന്ന് മണിക്കൂറിൽ പിടിയിലായി. ആര്യാട് തെക്ക് ചെമ്പത്തറ പടിഞ്ഞാറെ പുളിക്കീഴ് അജിത് (48) ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ചെമ്പത്തറ ക്ഷേത്രത്തിലെ പൂജാരിയായ കഞ്ഞിക്കുഴി കിഴക്കേ വേലിക്കകത്ത് രജികുമാർ ഇന്നലെ രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം. ക്ഷേത്ര പരിസരത്തു പതുങ്ങിയിരുന്ന അജിത്ത് ചാടിവീണ് രജികുമാറുമായി വാക്കേറ്റമുണ്ടായി. തുടർന്ന് മൺവെട്ടി കൊണ്ട് പൂജാരിയെ അടിച്ചുവീഴ്ത്തി മാല തട്ടിയെടുത്തെന്നാണ് കേസ്.

മോഷണം നടത്തി മുങ്ങിയയ പ്രതിയെ എട്ടരയോടെ ആലിശേരി ഭാഗത്തെ വാടക വീട്ടിൽനിന്നാണു പിടികൂടിയത്. മാല പൊട്ടിക്കാനായി പ്രതി ബോധപൂർവം രജികുമാറുമായി തർക്കമുണ്ടാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. 1991ൽ അവലൂക്കുന്ന് സ്വദേശി പത്മാക്ഷിയെ കൊലപ്പെടുത്തി സ്വർ‍ണമാല കവർ‍ന്ന കേസിൽ ശിക്ഷയ്ക്കിടെ പരോളിലിറങ്ങി മുങ്ങിയതാണ് അജിത്ത്. പ്രതിയുടെ കുടുംബ വീടിനടുത്താണു ക്ഷേത്രം. ഇവിടെനിന്നു നേരത്തെ ഉരുളിയും മറ്റും മോഷണം പോയിരുന്നു. അതിനു പിന്നിൽ താനും കൂട്ടാളികളുമാണെന്നു രജികുമാർ പ്രചരിപ്പിച്ചെന്ന് ആരോപിച്ചും അതിനെ ചോദ്യം ചെയ്തുമാണു പ്രതി ആക്രമണത്തിനുള്ള സാഹചര്യമുണ്ടാക്കിയത്.