എറണാകുളം: കോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം പള്ളികൾ കൈയടക്കുന്നു എന്നാരോപിച്ചു  യാക്കോബായ വിശ്വാസികൾ രണ്ടാം കൂനൻ കുരിശ് സത്യം നടത്തി. കോതമംഗലം ചെറിയ പള്ളിയിൽ ആയിരുന്നു പ്രതിഷേധം. സഭയിലെ മെത്രോപ്പൊലീത്തമാരും വൈദികരും വിശ്വാസികൾക്കൊപ്പം സമരത്തിൽ അണിനിരന്നു. യാക്കോബായ, സുറിയാനി സഭയിലെ വിവിധ പള്ളികളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

വിശ്വാസം സംരക്ഷിക്കുന്നതിനായി 1653 ൽ മട്ടാഞ്ചേരിയിൽ നടത്തിയ പ്രതിഷേധമാണ് കൂനൻ കുരിശു സത്യം എന്ന പേരിൽ അറിയപ്പെടുന്നത്. കൽകുരിശിൽ കെട്ടിയ വടത്തിൽ  പിടിച്ചാണ് പ്രതിജ്‌ഞ ചൊല്ലിയത്. ഇതിന്റെ തനിയാവർത്തനം പോലെ കോതമംഗലം ചെറിയ പള്ളിക്കു മുന്നിലെ കുരിശിൽ വടം കെട്ടി. വടത്തിന്റെ ഇരുവശവും പിടിച്ചു വിശ്വാസികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി. യാക്കോബായ സഭ മെത്രോപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

കാലം ചെയ്ത കാതോലിക ബാവ എൽദോ മാർ ബസേലിയോസിന്റെ കബറിടം മുതൽ  ഇരുമലപ്പടി വരെ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികൾ സത്യവാചകം ഏറ്റുചൊല്ലി.

സഭയിലെ മെത്രോപ്പൊലീത്തമാരും വൈദികരും സമരത്തിൽ പങ്കെടുത്തു. എല്ലാ പള്ളികളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിച്ചേർന്നു. പള്ളികൾ വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണിവർ.

എന്താണ് കൂനൻ കുരിശ് സത്യം?

1653 ജനുവരി മൂന്നിനാണ് കൂനന്‍കുരിശു സത്യം നടന്നത്. കൂനന്‍കുരിശു സത്യത്തിലൂടെ, ഇനിമുതല്‍ പൗരോഹിത്യ, മതേതര ജീവിതങ്ങളില്‍ പോര്‍ച്ചുഗീസ് മേധാവിത്വം അംഗീകരിക്കില്ലെന്ന് കേരളത്തിലെ സെന്റ് തോമസ് ക്രിസ്തീയ സമൂഹം പരസ്യമായി പ്രതിജ്ഞ ചെയ്തു. 

എഡി 1599ല്‍ ആരംഭിച്ച മലങ്കര സിറിയന്‍ ക്രിസ്ത്യാനികളുടെ മേലുള്ള 54 വര്‍ഷത്തെ പോര്‍ച്ച്യുഗീസ് രക്ഷാധികാര  ന്യായാധികാരമാണ് ഈ സത്യത്തിലൂടെ അവസാനിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ അന്ത്യോഖ്യയില്‍നിന്ന് വന്ന അഹത്തുള്ള ബാവയെ കല്ലില്‍ കെട്ടി താഴ്ത്തിയതിന്റെ വേദനയിലാണ് വിശ്വാസികള്‍ ഒത്തുകൂടിയത്. കേരളത്തിലെ മാര്‍തോമ വിഭാഗക്കാര്‍ തങ്ങളും സാമ്പാളൂര്‍ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുത്തു. പോര്‍ച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമന്‍ പോപ്പിന്റെ കീഴില്‍ വരുത്തുവാന്‍ നടത്തിയ പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു അത്. 

1653 ജനുവരി മൂന്നിന്, കൂനന്‍ കുരിശ് സത്യം എന്ന് അറിയപ്പെടുന്ന പ്രതിജ്ഞ ചൊല്ലുന്നതിനായി തോമ കത്തനാരും സമൂഹത്തിന്റെ പ്രതിനിധികളും മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തില്‍ ഒത്തുകൂടി. പ്രതിജ്ഞ ഉച്ചത്തില്‍ വായിക്കപ്പെടുകയും കൂടി നിന്നവര്‍ ഒരു കല്‍ക്കുരിശില്‍ പിടിച്ചുകൊണ്ട് അത് ഏറ്റുചൊല്ലുകയും ചെയ്തു. കുരിശില്‍ തൊടാന്‍ സാധിക്കാത്തവര്‍, കുരിശില്‍ ആലാത്ത്(വടം) ബന്ധിച്ച് അത് ഒരു കൈയില്‍ പിടിച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലി. ഭാരം താങ്ങാനാവാതെ കുരിശ് അല്‍പം ചരിഞ്ഞു. അങ്ങനെയാണ് ചടങ്ങ്, 'കൂനന്‍ കുരിശ് സത്യം' എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.