Asianet News MalayalamAsianet News Malayalam

ആദ്യ വന്ദേഭാരത് കൊതിപ്പിച്ച് കടന്നു, രണ്ടാം വന്ദേഭാരത് വന്നപ്പോഴും മലപ്പുറത്തിന് നിരാശ, തിരൂരിൽ സ്റ്റോപ്പില്ല

രണ്ടാം വന്ദേഭാരത് പ്രഖ്യാപിച്ചപ്പോഴും തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും സ്റ്റോപ് അനുവദിച്ചില്ല.

Second vande Bharat train in Kerala did not stop in Malappuram Tirur prm
Author
First Published Sep 21, 2023, 10:40 AM IST

മലപ്പുറം: കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചപ്പോഴും മലപ്പുറത്തിന് നിരാശ. ഇക്കുറിയും വന്ദേഭാരത് ട്രെയിനിന്റെ സ്റ്റോപ്പുകളുടെ പട്ടികയിൽ ജില്ലയിലെ പ്രധാന സ്റ്റോപ്പായ തിരൂരിനെ അവ​ഗണിച്ചതാണ് നിരാശക്ക് കാരണം. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനും തിരൂരിൽ സ്റ്റോപ്പില്ല. വന്ദേഭാരതിന്റെ ആദ്യ ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ് അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ഷൊറണൂരിൽ സ്റ്റോപ് അനുവദിക്കുകയും തിരൂരിനെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും എല്ലായിടത്തും വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു റെയിൽവേയുടെ നിലപാട്.

രണ്ടാം വന്ദേഭാരത് പ്രഖ്യാപിച്ചപ്പോഴും തിരൂരിൽ സ്റ്റോപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും സ്റ്റോപ് അനുവദിച്ചില്ല. എന്നാൽ, ഷൊറണൂരിൽ സ്റ്റോപ് അനുവദിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ഒരിടത്തും രണ്ട് വന്ദേഭാരത് ട്രെയിനുകൾക്കും സ്റ്റോപ്പില്ല. വന്ദേഭാരതിന് മാത്രമല്ല, കേരളത്തിലോടുന്ന 32 ദീർഘദൂര ട്രെയിനുകൾക്കും തിരൂരിൽ സ്റ്റോപ്പില്ല. ദീർഘദൂര ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ് വേണമെന്ന ഏറെക്കാലമായുള്ള ആവശ്യത്തിനും റെയിൽവേ 
അനുകൂലമായി പ്രതികരിച്ചിട്ടില്ല. 

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ആയി. 24നായിരിക്കും ഫ്ലാ​ഗ് ഓഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. ഒന്നാമത്തെ വന്ദേഭാരത് കോട്ടയം വഴിയായിരുന്നു സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.

Follow Us:
Download App:
  • android
  • ios