കോഴിക്കോട്: ലോക്ക്ഡൗണിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ലഭിച്ച ഇളവ് ദുരുപയോഗപ്പെടുത്തി മത്സ്യബന്ധനം നടത്തിയ അഞ്ച് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെ പുതിയാപ്പ, കൊയിലാണ്ടി മേഖലകളില്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടത്.

ചൈതന്യ, സുദാം, സീ സ്റ്റാര്‍, ശ്രീഭദ്ര, അദ്വിക മോള്‍ എന്നീ ബോട്ടുകളാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ജുഗ്‌നുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ അനീശന്‍ എ.കെ, ഗ്രേഡ് എസ്.ഐമാരായ അനില്‍കുമാര്‍, സന്തോഷ് കുമാര്‍, ബിജു, വിചിത്രന്‍, ഡ്രൈവർ മുഹമ്മദ് ഷാ, സുരക്ഷാ ഗാര്‍ഡുമാരായ താജുദ്ദീന്‍, രജേഷ്, ഷൈജു, വിഘ്‌നേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് വിഘാതം സൃഷ്ടിക്കുന്ന മത്സ്യബന്ധന രീതികള്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.