കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. അടിവാരം അങ്ങാടിയില്‍ നിന്നും ഏകദേശം 200 മീറ്റര്‍ മുകളില്‍ ആയി തോട്ടിലേക്കാണ് സാമൂഹ്യവിരുദ്ധര്‍ രാത്രിയില്‍ കക്കൂസ് മാലിന്യം തള്ളിയത്. രാത്രിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം റോഡരികില്‍ നിര്‍ത്തി ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന തോട്ടിലേക്ക് തുറന്നു വിടുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ മുത്തു  അബ്ദുസ്സലാം, ചുരം സംരക്ഷണസമിതി പ്രസിഡന്റ് വി കെ മൊയ്തു മുട്ടായി, ട്രഷറര്‍ വി കെ താജു, വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറി ഷമീര്‍ വളപ്പില്‍,  സമിതി പ്രവര്‍ത്തകരായ ലത്തീഫ് പാലക്കുന്നന്‍, മജീദ് കണലാട്, അനില്‍, ജസ്റ്റിന്‍ എന്നിവര്‍ സ്ഥലം  സന്ദര്‍ശിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതി താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി.