വടക്കഞ്ചേരിയിൽ ഒരാഴ്ചയ്ക്കിടെ നാലിടങ്ങളിൽ മോഷണം. വീടുകൾ, കടകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ മോഷണം നടന്നു. പോലീസിന് ഇതുവരെ കള്ളൻമാരെ പിടികൂടാനായിട്ടില്ല.

പാലക്കാട്: കള്ളൻമാരെ കൊണ്ട് പൊറുതിമുട്ടി പാലക്കാട് വടക്കഞ്ചേരിക്കാർ. ഒരാഴ്ചക്കിടെ പ്രദേശത്ത് നാലിടങ്ങളിലാണ് മോഷണം നടന്നത്. പൂട്ടിയിട്ട വീടുകളിലും കടകളിലും ക്ഷേത്രങ്ങളിലുമായിരുന്നു മോഷണം. മോഷണ പരമ്പര അരങ്ങേറുമ്പോഴും വടക്കഞ്ചേരി പൊലീസിന് കള്ളൻമാരെ പിടികൂടാനായില്ല.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കഞ്ചേരി വിനായക സ്ട്രീറ്റിലെ പൂട്ടിക്കിടന്ന വീട്ടിൽ കള്ളൻ കയറിയത്. മുൻവാതിലിൻറെ പൂട്ട് തക൪ത്ത് അലമാരയും ലോക്കറുകളും കുത്തിപ്പൊളിച്ചായിരുന്നു മോഷണം. വിലപിടിപ്പുള്ള വാച്ചും പണവും മോഷണം പോയി. ഇതേ ദിവസം തന്നെ പ്രദേശത്തെ ഗണപതി ക്ഷേത്രത്തിലും മാരിയമ്മൻ ക്ഷേത്രത്തിലും മോഷണ ശ്രമം നടന്നു. ക്ഷേത്രത്തിലെ വഴിപാട് കൌണ്ടറിൻറേയും നിവേദ്യപ്പുരയുടേയും പൂട്ട് പൊളിച്ച നിലയിലായിരുന്നു.

വടക്കഞ്ചേരി ബസ് സ്റ്റാൻഡ് മുൻപിലെ വിനായക ലോട്ടറി ഏജൻസിയിൽ കള്ളൻ കയറിയത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്. പൂട്ട്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് 5000 രൂപയും 60,000 രൂപയുടെ ലോട്ടറിയും കവർന്നു. ലോട്ടറിക്കടയോട് ചേ൪ന്ന പച്ചക്കറിക്കടയിലും മോഷണ ശ്രമം നടന്നു. ഇവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സിസിടിവിൽ കള്ളൻറെ മുഖം പതിഞ്ഞു.

മുടപ്പല്ലൂർ പടിഞ്ഞാറേത്തറ ഗംഗാധരന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 13 പവനും പണവും വാച്ചുമാണ് കവ൪ന്നത്. ബന്ധുവിൻറെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകളെല്ലാം തക൪ത്ത നിലയിൽ കണ്ടത്. മുടപ്പല്ലൂർ ചക്കാന്തറയിലെ മറ്റൊരു വീട്ടിൽ കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നിരുന്നു. വാതിൽ കുത്തിതുറക്കുന്ന ശബ്ദം കേട്ടെങ്കിലും വീട്ടുകാരെത്തുമ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെട്ടു. അതേസമയം കള്ളൻമാരെ പിടികൂടാൻ ശ്രമം തുടരുകയാണെന്നാണ് വടക്കഞ്ചേരി പൊലീസിൻറെ വിശദീകരണം.

YouTube video player