തിരുവനന്തപുരം ചെമ്പൂരിൽ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി ഏഴടി നീളമുള്ള പെരുമ്പാമ്പിന്റെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്നേക്ക് റസ്ക്യുവർ കാട്ടാക്കട രതീഷ് എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.

തിരുവനന്തപുരം: ചെമ്പൂരിൽ റബ്ബര്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തോട്ടത്തില്‍ കാടുപിടിച്ചു കിടന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. തോട്ടത്തിൽ ജോലിയിലായിരുന്ന തൊഴിലാളി പാമ്പിന്‍റെ തൊട്ടടുത്തെത്തിയപ്പോഴാണ് കണ്ടത്. പെട്ടെന്ന് കുതറി മാറിയതിനാൽ തൊഴിലാളിക്ക് നേരെ വന്ന പാമ്പ് മറുവശത്തേക്ക് മാറിപ്പോകുകയായിരുന്നു.

പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. സ്നേക്ക് റസ്ക്യുവർ കാട്ടാക്കട രതീഷ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ സുരക്ഷിതമായി പിടികൂടി. പ്രദേശത്ത് പാമ്പിന്‍റെ ശല്യമുണ്ടെന്നും നേരത്തെ വാവ സുരേഷ് എത്തി സ്ഥലത്ത് നിന്നും പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.