ആലുവ: അന്ധതയ്ക്ക് മുന്നില്‍ തളരാതെ ആലുവ സ്വദേശിയായ ഏഴാം ക്ലാസുകാരൻ മനോജ്. ഇരു കണ്ണിനും കാഴ്ചയില്ലാത്ത മനോജ് അനായാസം പെരിയാര്‍ നീന്തി കടന്നു. ഒരു മാസം കൊണ്ട് നീന്തൽ അഭ്യസിച്ച ശേഷമായിരുന്നു മനോജിന്റെ ഈ മുന്നേറ്റം.

ആലുവ അന്ധവിദ്യാലയത്തിലെ മനോജ്, ഇന്നലെ രാവിലെ 8.10 നാണ് ആലുവ അദ്വൈതാശ്രമത്തിന് പിന്നിലുള്ള കടവിലെത്തിയത്. പെരിയാറിന്‍റെ ഓളങ്ങളെ മുറിച്ചുകടക്കുകയെന്ന ലക്ഷ്യമായിരുന്നു മനോജിന്റെ മനസിൽ. പരിശീലകൻ സജി വാളാശ്ശേരി മുമ്പേ നീന്തി. സജിയുണ്ടാക്കുന്ന ശബ്ദം മനസിലാക്കി മനോജ് പിന്നാലെ നീന്തുകയായിരുന്നു. വെറും 20 മിനിറ്റ് കൊണ്ട് ഈ കൊച്ചുമിടുക്കൻ പെരിയാർ കടന്നു.

ആലുവ അന്ധ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മനോജ്. നീന്തല്‍ പഠിക്കണമെന്ന ആഗ്രഹവുമായി ഒരു മാസം മുമ്പാണ് മനോജ്, സജി വാളാശ്ശേരിയുടെ അടുത്തെത്തിയത്. മനോജിനെ പിന്തുടര്‍ന്ന് അന്ധ വിദ്യാലയത്തിലെ കൂടുതല്‍ കുട്ടികള്‍ നീന്തല്‍ പഠനത്തിന് ഒരുങ്ങുകയാണ്. സൗജന്യമായാണ് സജി ഈ കുട്ടികളെയെല്ലാം പരിശീലിപ്പിക്കുന്നത്.