ചേര്‍പ്പ്: പേപ്പർ താളുകൾ കൊണ്ട് ട്രെയിൻ നിർമ്മിച്ച് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് തൃശൂർ ചേർപ്പ് സ്വദേശിയായ ഏഴാം ക്ലാസുകാരൻ. സിഎന്‍എന്‍ ബോയ്സ് സ്കൂളിലെ അദ്വൈത് കൃഷ്ണയുടെ വീഡിയോയാണ് ഇന്ത്യൻ റെയിൽവെയാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ അദ്വൈതിനെ തേടി അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.

ലോക് ഡൗൺ കാലത്തെ വിരസത മാറ്റാണ് അദ്വൈത് പേപ്പറുകളെ കൂട്ടുപിടിച്ചത്. 33 പത്രത്താളുകളിൽ ഉപയോഗിച്ചാണ് മനോഹരമായ ട്രയിൻ രൂപം നിര്‍മ്മിച്ചത് . അച്ഛൻ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് റെയിൽവേ ഉദ്യോഗസ്ഥർ കണ്ടതോടെയാണ് പേപ്പര്‍ ട്രെയിന്‍ ദേശീയ ശ്രദ്ധയിലെത്തിയത്. ഇന്ത്യൻ റെയിൽവേ ട്വിറ്ററിലൂടെ വീഡിയോ പങ്കു വയ്ക്കുകയായിരുന്നു.

മൂന്ന് ദിവസമെടുത്താണ് അദ്വൈത് സ്റ്റീം എ‍ഞ്ചിനും രണ്ട് കമ്പാര്‍ട്ട്മെന്‍റുകളും നിർമ്മിച്ചത്. ട്രെയിൻ മാത്രമല്ല, ബുള്ളറ്റും, കാറും, ഉന്തുവണ്ടികളുമായി നിരവധി നിർമ്മിതികളാണ് ചേര്‍പ്പിലെ വീട്ടിലുള്ളത്. ശിൽപിയായ അച്ഛൻ മണികണ്ഠനാണ് വഴികാട്ടി. അദ്വൈതിനെക്കുറിച്ചുള്ള വീഡിയോക്ക് നല്ല പിന്തുണയാണ് ട്വിറ്ററിൽ. പേപ്പർ ശിൽപ്പങ്ങളിൽ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് അദ്വൈതിന്റെ തീരുമാനം.