കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരിക്കടുത്തെ നൂല്‍പ്പുഴ പഞ്ചായത്തിലുള്‍പ്പെട്ട പുത്തൂര്‍മണിമുണ്ട കോളനി നിവാസികള്‍ വൈദ്യുതി കണക്ഷനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തെരഞ്ഞെടുപ്പ് കാലങ്ങളിലെല്ലാം വൈദ്യുതി എത്തിക്കാമെന്ന് രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങള്‍ കേട്ട് മടുത്തിരുന്നു ഇവര്‍. എന്നാലിതാ ഇവരുടെ ദീര്‍ഘകാല സ്വപ്‌നം പൂവണിയുകയാണ്.
വനമേഖലയില്‍ കഴിയുന്ന 70 ആദിവാസി കുടുംബങ്ങളില്‍ വൈദ്യുതിയെത്തിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഇവിടുത്തെ  വീടുകളിലെല്ലാം വൈദ്യുതിയെത്തിക്കാനാണ് പദ്ധതി.

കേന്ദ്ര പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജനാ (ഡി.ഡി.യു.ജി.ജെ.വൈ), ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് വൈദ്യുതീകരണ ശൃംഖല പൂര്‍ത്തിയാക്കിയത്.

ആദ്യപടിയായി 11 കെ വി ലൈന്‍ എത്തിനില്‍ക്കുന്ന പിലാക്കാവ് രണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ട്രക്ച്ചറില്‍ നിന്ന് 1300 മീറ്റര്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചു. അടുത്തഘട്ടത്തില്‍ ലൈന്‍ നിയന്ത്രണത്തിനായി എയര്‍ബ്രേക്ക് സ്വിച്ചുകള്‍ ഇരട്ട പോസ്റ്റുകള്‍ സ്ഥാപിച്ചുള്ള സ്ട്രക്ചറില്‍ ഉറപ്പിക്കുകയും 29 മീറ്റര്‍ ഓവര്‍ഹെഡ് ലൈന്‍ അനുബന്ധമായി വലിച്ച് ഭൂഗര്‍ഭ കേബിളുകളുടെ ഇരുഭാഗത്തുമായി കൂട്ടിയോജിപ്പിക്കുകയായിരുന്നു .

പാട്ടത്തിനെടുത്ത ഭൂമിയില്‍ 100 കെ വി എ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. തുടര്‍ന്ന് 1400 മീറ്റര്‍ ത്രീഫേസ് ലൈനും 2550 മീറ്റര്‍ സിംഗിള്‍ ഫേസ് ലൈനും ഗുണഭോക്താക്കളുടെ കൈവശ ഭൂമിയിലൂടെ നിര്‍ദിഷ്ട സ്ഥലത്തെത്തിച്ചു. സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇടക്കാലത്ത് നിര്‍ത്തിവച്ച പ്രവൃത്തി വനംവകുപ്പ് അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കെ എസ് ഇ ബിക്ക് കഴിഞ്ഞു. പ്രദേശവാസികളുടെയും ഊരുകൂട്ട സമിതിയുടെയും കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാവുന്നത്.