Asianet News MalayalamAsianet News Malayalam

രൂക്ഷമായ കടലാക്രമണം; ആലപ്പുഴ കടപ്പുറം ഭീതിയില്‍

രൂക്ഷമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. അനേകം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലാണ് കടലാക്രമണം ശക്തമായത്. 

Severe sea eradication in alappuzha
Author
Alappuzha, First Published Jul 30, 2018, 11:34 PM IST

അമ്പലപ്പുഴ: കടലാക്രമണം രൂക്ഷം. നിരവധി വീടുകള്‍ തകര്‍ന്നു. അനേകം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലാണ് കടലാക്രമണം ശക്തമായത്. ഞായറാഴ്ച രാത്രിയിലാരംഭിച്ച കടലാക്രമണം ഇന്ന് (30.7.2018 ) ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. കടല്‍ ഭിത്തിക്ക് മുകളിലൂടെ ആഞ്ഞടിക്കുന്ന തിരമാല തീരദേശ റോഡിന് സമാന്തരമായ റോഡിലും എത്തി. 

വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡ് പുതുവല്‍ ചന്ദ്രബോസ്, അജയന്‍, കാട്ടൂക്കാരന്‍ പറമ്പില്‍ കിഷോര്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കടല്‍ ഭിത്തിക്ക് കിഴക്കുവശമുള്ള അനേകം വീടുകള്‍ ഏത് നിമിഷവും തകരുമെന്ന ആശങ്കയിലാണ്. തകര്‍ന്ന വീടുകളിലുള്ളവരോട് മെഡിക്കല്‍ കോളേജാശുപത്രിയിലെ ലക്ച്ചര്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം ശക്തമായി തുടര്‍ന്നാല്‍ നാശനഷ്ടം വര്‍ധിക്കുമെന്നത് ആശങ്കയുയര്‍ത്തുന്നു. 

അമ്പലപ്പുഴ, പുറക്കാട്, പല്ലന, തൃക്കുന്നപ്പുഴ, ചേര്‍ത്തല, മാരാരിക്കുളം, കാട്ടൂര്‍ എന്നിവിടങ്ങളില്‍ ആണ് കടല്‍ക്ഷോഭം ശക്തി പ്രാപിച്ചിരിക്കുന്നത്. കടല്‍ക്ഷോഭം കടുതലായി ബാധിച്ച പല്ലനയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  ഇവിടെ വീടുകള്‍ പലതും വെള്ളത്തിലായി. ദുരിതബാധിതരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.  ഈ സാഹചര്യത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ ഇവിടെ തുറക്കാനുള്ള സാധ്യതയെ കുറിച്ചും അധികൃതര്‍ തേടുന്നുണ്ട്. 

ട്രോളിംങ്ങ് നിരോധനം തീരാന്‍ ഒരു ദിനം ബാക്കിയുള്ളപ്പോള്‍ തന്നെ കടല്‍ പ്രക്ഷുബ്ധമായത് മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നുണ്ട്.  ഈ സാഹചര്യത്തില്‍ കടലില്‍ ഇറങ്ങാന്‍ കഴിയാതെ വന്നാല്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്ന് ഉറപ്പാണ്. കടല്‍ ക്ഷോഭം തടയുന്നതരത്തിലുള്ള ഭിത്തികള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിന് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ടെങ്കിലും കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. 

ഇതിന് പകരം മേജര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ കടലെടുക്കാന്‍ സാധ്യതയുള്ള വീടുകള്‍ക്ക് പിന്നില്‍ കല്ലുകള്‍ ഇടുകയാണ് ചെയ്യുന്നത്. മഴയും കടല്‍ക്ഷോവും കാരണം ജനജീവിതം പാടെ സ്തംഭിച്ചരിക്കുകയാണ്. റോഡുകള്‍ അടക്കം വെള്ളത്തിലായതോടെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്. എത് അടിയന്തിര സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് അതാത് തദ്ദേശ സ്ഥാപനങ്ങളോടും തഹസില്‍ ദാര്‍മാരോടും ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios