മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തി. പ്രഭാത സവാരിക്കാർ ദുർഗന്ധം ശ്രദ്ധിച്ചതിനെ തുടർന്ന് നൽകിയ പരാതിയിൽ, സംശയാസ്പദമായ രണ്ട് വാഹനങ്ങൾ പെരിന്തൽമണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ 2 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കാരാണ് നടത്തത്തിനിടയില്‍ അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ട് സ്ഥലത്ത് പരിശോധന നടത്തിയത്. ഇതോടെയാണ് കക്കൂസ് മാലിന്യം തള്ളിയതാണെന്ന് കണ്ടെത്തിയത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് ചുറ്റും വയലാണ്. ഈ വയലിലൂടെയാണ് ബസ് സ്റ്റാന്‍ഡിലേക്ക് റോഡുള്ളത്. വിഷയത്തില്‍ പ്രദേശവാസി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. സംശയം തോന്നിയ രണ്ട് വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മാലിന്യം തള്ളുന്നത് സംബന്ധിച്ച് പരാതികളുയരുന്നുണ്ടെങ്കിലും നടപടിയെടുക്കാനോ തടയാനോ നഗരസഭ ആരോഗ്യ വിഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കേരള മുനിസിപ്പല്‍ ആക്റ്റ് 340 പ്രകാരം കേസെടുക്കണം

ഈ ഭാഗത്ത് പ്ലാസ്റ്റിക് സഞ്ചികളില്‍ മാലിന്യം കൊണ്ടുവന്ന് പെരിന്തല്‍മണ്ണ നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡിന് സമീപത്തെ വയലില്‍ തള്ളുന്ന പതിവുണ്ടെന്ന് നാട്ടുകാർ വിവരിച്ചു. അതിനിടയിലാണ് കക്കൂസ് മാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്. കേരള മുനിസിപ്പല്‍ ആക്റ്റ് 340 പ്രകാരം മാലിന്യമോ വിസര്‍ജ്യ വസ്തുക്കളോ ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ തള്ളിയാല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പ്രൊസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണമെന്നാണ് നിയമം. ആക്ട് 340 ബി പ്രകാരം ഇത്തരം കൃത്യത്തിലേര്‍പ്പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും നിര്‍ദേശിക്കുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നുണ്ടെന്നാണ് പൊലീസും നഗരസഭയും പറയുന്നത്. പ്രദേശത്ത് സി സി ടി വി സ്ഥാപിക്കണെമന്നും ഇത്തരം പ്രവണതകള്‍ നഗരസഭ മുന്‍കൈ എടുത്ത് തടയണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങള്‍ നടു റോഡില്‍

അതിനിടെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാ‍ർത്ത ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങള്‍ നടു റോഡില്‍ തള്ളി എന്നതാണ്. ജില്ലാ ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണം നടക്കുന്ന ഭാഗത്തുനിന്ന് മണ്ണും ചെളിയും ആശുപത്രിയിലെ സിറിഞ്ച് അടക്കമുള്ള മാലിന്യങ്ങളുമാണ് ഒഴുകി റോഡിലെത്തിയത്. ആശുപത്രിയിലെ മാലിന്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന മാലിന്യമാണ് ഒഴുകി റോഡില്‍ എത്തിയത്. ആശുപത്രിക്ക് പിന്നിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ റോഡിലാണ് മാലിന്യങ്ങള്‍ ഒഴുകിയെത്തിയത്. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴയിലാണ് സംഭവം. രാത്രി ഒഴുകിയെത്തിയ മണ്ണും മാലിന്യങ്ങളും സമീപത്തെ അഴുക്കുചാലിലുമായി കുമിഞ്ഞുകൂടുകയായിരുന്നു.